സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രര്‍ശനം, ബയര്‍സെല്ലര്‍ സംഗമം, ഓപണ്‍ ഹൗസ്, ശില്‍പശാലകള്‍, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങള്‍. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.
കൊച്ചി: രുചിയൂറും കടല്‍കായല്‍ വിഭവങ്ങള്‍, കര്‍ഷകരുടെ തദ്ദേശീയ ഉല്‍പന്നങ്ങള്‍, ഡയറ്റ് കൗണ്‍സലിംഗ് തുടങ്ങി പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന വൈവിധ്യങ്ങളുമായി ത്രിദിന മത്സ്യ മേള ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കും.സിഎംഎഫ്ആര്‍ഐയുടെ 78ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് മേള. സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രര്‍ശനം, ബയര്‍സെല്ലര്‍ സംഗമം, ഓപണ്‍ ഹൗസ്, ശില്‍പശാലകള്‍, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങള്‍. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.
കല്ലുമ്മക്കായ, കായല്‍ മുരിങ്ങ (ഓയിസ്റ്റര്‍), മത്സ്യചെമ്മീന്‍ വിഭവങ്ങളുടെ തദ്ദേശീയ രുചിക്കൂട്ടുകളാണ് സീഫുഡ് ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. സ്ത്രീ കൂട്ടായ്മകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സീഫുഡ് സംരംഭകര്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. ലക്ഷദ്വീപിലെ തനത് വിഭവങ്ങളും ലഭ്യമാകും. കൂടാതെ, ഔഷധഗുണമേന്മക്ക് പേര് കേട്ട കായല്‍ മുരിങ്ങ ജീവനോടെ കഴിക്കാം. വനിതാ കര്‍ഷകര്‍ കായലില്‍ കൃഷിചെയ്ത് വിളവെടുത്ത മുരിങ്ങ ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയ ശേഷമാണ് മേളയിലെത്തിക്കുക.
ജീവിതശൈലീ രോഗനിര്‍ണയത്തിനുള്ള ആരോഗ്യപരിശോധനകളും അതനുസരിച്ചുള്ള ഡയറ്റ് കൗണ്‍സലിംഗും മേളയില്‍ ലഭ്യമാകും.കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന സംശുദ്ധമായ തദ്ദേശീയ ഉല്‍പന്നങ്ങള്‍ ബയര്‍സെല്ലര്‍ സംഗമത്തില്‍ ലഭിക്കും. പൊക്കാളി ഉല്‍പന്നങ്ങള്‍, ചെറുധാന്യപോഷക ഉല്‍പന്നങ്ങള്‍, നാടന്‍ ചക്കര, എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ തുടങ്ങി ഭക്ഷ്യോല്‍പന്നങ്ങളും കരിമീന്‍കുഞ്ഞുങ്ങള്‍, അലങ്കാര മത്സ്യകുഞ്ഞുങ്ങള്‍, പച്ചക്കറിഔഷധ സസ്യ തൈകള്‍, വിത്തുകള്‍, വളങ്ങള്‍ തുടങ്ങി കര്‍ഷകര്‍ക്ക് ആവശ്യമായ ഉല്‍പന്നങ്ങളും ലഭിക്കും. കൂടാതെ, നിരവധി ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമുണ്ടാകും. കാര്‍ഷിക വിളകളില്‍ ഡ്രോണ്‍ ഉപയോഗം പരിചയപ്പെടുത്തുന്ന പ്രദര്‍ശനവുമുണ്ട്.ചെറുകിട സംരഭകര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമായ പ്രത്യേക ബാങ്കിംഗ് സൗകര്യങ്ങള്‍, ഡിജിറ്റല്‍ മാര്‍കറ്റിംഗ് എന്നീ മേഖലകളില്‍ വിദഗ്ധരുടെ ക്ലാസ്സുകള്‍ ഉണ്ടാകും. ഫിഷറീസ് രംഗത്തെ വിവിധ ഗവേഷണസ്ഥാപനങ്ങള്‍ വികസിപ്പിച്ച ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് മേളയിലെ മറ്റൊരു ആകര്‍ഷണം.
ആഴക്കടലിന്റെ വിസ്മയ കാഴ്ചകള്‍
ഓപണ്‍ ഹൗസിന്റെ ഭാഗമായി, മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 3 വരെ കടലറിവുകളുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ നടത്തും. ആഴക്കടലിന്റെ വിസ്മയകാഴ്ചകള്‍ സമ്മാനിക്കുന്ന മ്യൂസിയം, മറൈന്‍ അക്വേറിയം, വിവിധ ലബോറട്ടറികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്കായി തുറന്നിടും.