അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുല്പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്.
കൊച്ചി: സമുദ്ര അലങ്കാരമത്സ്യ മേഖലയില്‍ നിര്‍ണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഉയര്‍ന്ന വിപണി മൂല്യമുള്ള കടല്‍ വര്‍ണമത്സ്യങ്ങളായ ഡാംസെല്‍, ഗോബി വിഭാഗങ്ങളില്‍പെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുല്പാദനം സിഎംഎഫ്ആര്‍ഐ വിജയകരമായി പൂര്‍ത്തിയാക്കി. അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുല്പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്.
അക്വേറിയം ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട മീനുകളുമാണ് ഇവ രണ്ടും. ആകര്‍ഷകമായ വര്‍ണങ്ങളും ചലനങ്ങളിലെ ചടുലതയുമാണ് ഇവയെ അക്വേറിയം മീനുകളിലെ സുന്ദരികളാക്കി മാറ്റുന്നത്. കടലില്‍ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂര്‍ ഡാംസലിന്റെ ആവാസകേന്ദ്രം. കടുംനീലമഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകര്‍ഷണീയത. അമിത ചൂഷണഫലമായി വംശനാശഭീഷണിക്കരികിലാണ്. ഒരു മീനിന് 350 രൂപ വരെയാണ് ഇതിന്റെ വില. വിദേശ വിപണിയില്‍ മീനൊന്നിന് 25 ഡോളര്‍ വരെ ലഭിക്കും.
മറൈന്‍ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓര്‍ണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്ചുവപ്പ്വെള്ള നിറങ്ങളിലുള്ള പുള്ളികള്‍ കൊണ്ട് അലങ്കരിച്ച ശരീരവുമാണ് ഈ മീനിന്റെ ദൃശ്യഭംഗി കൂട്ടുന്നത്. കൗതുകകരമായ ചലനങ്ങളും പെരുമാറ്റവും കാരണം ടാങ്കുകളില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കും. അക്വേറിയങ്ങളില്‍ അടിയുന്ന മണല്‍ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്.
ഉല്പാദനം കൂട്ടാനും കടലില്‍ ഇവയുടെ അമിതചൂഷണം തടയാനും സിഎംഎഫ്ആര്‍ഐയുടെ പ്രജനന സാങ്കേതികവിദ്യ വഴിയൊരുക്കും. കടലിലെ റീഫ് ആവാസവ്യസഥയെ സംരക്ഷിച്ച് നിര്‍ത്താനുമാകും.
അക്വേറിയം സംരംഭകര്‍ക്കും അലങ്കാരമത്സ്യ കര്‍ഷകര്‍ക്കും ഇവയുടെ വിത്തുല്പാദനം സ്വന്തമായി നടത്താവുന്ന രീതിയില്‍ സാങ്കേതികവിദ്യ സിഎംഎഫ്ആര്‍ഐ ആവശ്യാക്കാര്‍ക്ക് കൈമാറും. ഈ മേഖലയിലുള്ളവര്‍ക്ക് സാങ്കേതികവിദ്യ എളുപ്പത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോളും സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിട്ടുണ്ട്. കര്‍ഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്ആര്‍ഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ് പറഞ്ഞു.
ഉയര്‍ന്ന ആവശ്യകതയും വിപണി മൂല്യവും താരതമ്യേന കുറഞ്ഞ ഉല്പാദനച്ചെലവുമാണ് ഈ മീനുകള്‍ക്ക്. അതിനാല്‍, ഇവയുടെ വിത്തുല്പാദനവും വിപണിയും സംരംഭകരെ ആകര്‍ഷിപ്പിക്കുന്നതാണ്. സിഎംഎഫ്ആര്‍ഐയുടെ സാമ്പത്തിക സാധ്യതാപഠനപ്രകാരം, 24000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന ഇടത്തരം വിത്തുല്പാദന യൂണിറ്റില്‍ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടാക്കാനാകും.