ദുബായ്/കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെര്‍ക്ക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈപ്പിന്‍ തീരപ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പിലാക്കുക
കൊച്ചി: എറണാകുളത്തിന്റെ തീരദേശ മേഖലയുടെ സംരക്ഷണ ജീവനാഡിയായ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന് ബ്യൂമെര്‍ക്ക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷന്‍ കേരളത്തിലെ പരിസ്ഥിതിലോലമായ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി മൂന്ന് വര്‍ഷത്തെ കണ്ടല്‍ക്കാടുകളുടെ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈപ്പിന്‍ തീരപ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പിലാക്കുക. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സാങ്കേതികവും ശാസ്ത്രീയവുമായ പിന്തുണ പദ്ധതിക്ക് ഉണ്ടാകും.വൈപ്പിന്‍ ആസ്ഥാനമായി റൈസോഫോറ കണ്ടല്‍ ഫീല്‍ഡ് സ്‌കൂള്‍ ആന്റ് നഴ്‌സറി ആരംഭിച്ചു കൊണ്ട് അതിവേഗം ക്ഷയിച്ചുവരുന്ന കണ്ടല്‍ സസ്യങ്ങളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക, അവബോധം വര്‍ദ്ധിപ്പിക്കുക, തീരദേശ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, സമൂഹാധിഷ്ഠിത സംരക്ഷണം പ്രോഹത്സാഹിപ്പിക്കുക എന്നിവ ഈ പദ്ധതി ലക്ഷ്യമിടുന്നു.
പ്രകൃതിയുടെ സുസ്ഥിര സാമൂഹിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിരവധി പ്രധാന പദ്ധതികള്‍ ഈ വര്‍ഷം ബിഐഎഫ് കേരളത്തിലുടനീളം സംഘടിപ്പിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ ആര്‍. ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘തീരത്തിന്റെ കാവല്‍ക്കാര്‍’ എന്നാണ് കണ്ടല്‍ക്കാടുകള്‍ അറിയപ്പെടുന്നത്. തീരദേശ മണ്ണൊലിപ്പ് തടയുന്നതിലും പരിസ്ഥിതി ലോലവും ദുര്‍ബലവുമായ പ്രദേശങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും വര്‍ദ്ധിപ്പിക്കുന്നതിലും കണ്ടല്‍ക്കാടുകള്‍ സാന്നിധ്യം കൊണ്ട് കഴിയുന്നു. ആ ആവാസവ്യവസ്ഥക്ക് ഒരു കോട്ടവും തട്ടാതെ കണ്ടല്‍ക്കാടുകളെ സംരക്ഷിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളത്തിന്റെ തീരപ്രദേശം കണ്ടല്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. 46 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരദേശത്തെ സംരക്ഷിച്ചു പോരുന്നതില്‍ ഈ കണ്ടല്‍ക്കാടുകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. മണ്ണൊലിപ്പ്, കൊടുങ്കാറ്റുകള്‍, വേലിയേറ്റം, സുനാമി തുടങ്ങിയവയില്‍ നിന്ന് തീരത്തെ സംരക്ഷിച്ചു കൊണ്ട് ഒരു പ്രകൃതിദത്ത സംരക്ഷകരായി ഈ കണ്ടക്കാടുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ മേഖലയിലെ വൈവിധ്യമാര്‍ന്ന സസ്യ, ജന്തു, ജലജീവികള്‍ക്ക് ആവാസസംരക്ഷണം കണ്ടല്‍ക്കാടുകള്‍ ഒരുക്കുന്നു. എന്നാല്‍, നഗര വികസനത്തിന്റെ ഭാഗമായി ആസൂത്രിതമല്ലാത്ത ഭൂവിനിയോഗവും പരിസ്ഥിതി നശീകരണവും മൂലം ഈ ജൈവസമ്പത്ത് വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളത്.
പദ്ധതിയുടെ ആദ്യ വര്‍ഷം, തൈകള്‍ നടുന്നതിനും ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി 20,000 ത്തോളം തൈകള്‍ തയ്യാറാക്കും. കണ്ടല്‍ ചെടികള്‍ നടുക മാത്രമല്ല ലക്ഷ്യം. തീരദേശമേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ പ്രത്യേകിച്ച് യുവതലമുറക്ക് സാങ്കേതിക അവബോധം നല്‍കി സജ്ജരാക്കുക എന്നത് കൂടി ലക്ഷ്യമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബിഐഎഫിനെ പിന്തുണക്കുന്നതിനൊപ്പം ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്നിട്ടിറിങ്ങിയ അവരെ അഭിനന്ദിക്കുകയാണെന്ന് എം.എസ്.എസ്.ആര്‍.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജി.എന്‍. ഹരിഹരന്‍ പറഞ്ഞു. ഈ മേഖലയില്‍ ദേശീയതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിക്ക് സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎസ്എസ്ആര്‍എഫിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ‘കൊച്ചിയിലെ കണ്ടല്‍ മനുഷ്യന്‍’ എന്നറിയപ്പെടുന്ന മുരുകേശന്‍ ആണ് കണ്ടല്‍ ഫീല്‍ഡ് സ്‌കൂള്‍ & നഴ്‌സറിക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളിലെ അഞ്ചംഗ സംഘം ഗ്രാമപഞ്ചായത്തുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, തദ്ദേശവാസികള്‍ എന്നിവരുമായി സഹകരിച്ച് പുനരുദ്ധാരണ പരിപാടികള്‍ നടപ്പിലാക്കും. ഭാവിയിലെ പരിസ്ഥിതി നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശീലനവും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ യുവജന ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും സ്‌കൂള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.എംഎസ്എസ്ആര്‍എഫ് (ഏരിയ ഓപ്പറേഷന്‍സ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍. രംഗലക്ഷ്മി, എംഎസ്എസ്ആര്‍എഫ് ഡയറക്ടര്‍ (കേരളം) ഡോ. വി. ഷക്കീല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.