മീന്‍വലകളിലെ ഈയക്കട്ടികള്‍ക്ക് പകരം സ്റ്റെയില്‍ലെസ് സ്റ്റീല്‍; ബദല്‍ സംവിധാനവുമായി ഐസിഎആര്‍.സിഫ്ട്

കൊച്ചി: മീന്‍ വലകളില്‍ ഉപയോഗിക്കുന്ന വിഷാംശമുള്ള ഈയക്കട്ടികള്‍ക്ക് ബദല്‍ സംവിധാനവുമായി കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍ സിഫ്റ്റ്. ഈയത്തിനു പകരം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് സിഫ്ട് നടത്തിവരുന്ന പരീക്ഷണങ്ങള്‍ വിജയകരമായെന്ന് സിഫ്റ്റിലെ ഫിഷിങ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. എം പി രമേശന്‍ പറഞ്ഞു.ചില രാജ്യങ്ങള്‍ ഈയം പിടിപ്പിച്ച വലകളും ചൂണ്ടകളും ഉപയോഗിക്കുന്നത് നിരോധിച്ചുകഴിഞ്ഞു. ബദല്‍ സംവിധാനങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്കായി സിഫ്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ സംരംഭം രാജ്യത്തിലെ മത്സ്യബന്ധന രീതികളെ ആഗോള പാരിസ്ഥിതിക നിലവാരവുമായി യോജിപ്പിക്കുകയും രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വിപണിയെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ഡോ. എം പി രമേശന്‍ പറഞ്ഞു.

ഒരു പേഴ്‌സീന്‍ വലയില്‍ ആയിരം കിലോയിലധികം ഈയം ഉപയോഗിക്കുന്നു. ട്രോള്‍ വലകളില്‍ 70 കിലോവരെ ഈയം ഉപയോഗിക്കുന്നവരുണ്ട്. വലകള്‍ സമുദ്രത്തിനടിയിലൂടെ നിരന്തരം വലിക്കുമ്പോള്‍ ഏതാണ്ട് പകുതിയോളം ഈയം 6 മാസത്തിനുളില്‍ തേയ്മാനം മൂലം നഷ്ട്ടപെട്ടുപോകുന്നതായി മല്‍സ്യതൊഴിലാളികള്‍ പറയുന്നു. ഈ മലിനീകരണം സമുദ്രജീവികളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുന്നതിനുവേണ്ടി മത്സ്യത്തൊഴിലാളി സംഘടനകള്‍ തങ്ങളുടെ ആശങ്കകള്‍ അറിയിക്കുകയും പരിസ്ഥിതി സൗഹൃദ ബദലുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി ജോര്‍ജ്ജ് കുര്യന് നിവേദനം നല്‍കിയിട്ടുണ്ട്.സുസ്ഥിര മത്സ്യബന്ധന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള സിഫ്റ്റിന്റെ നൂതനമായ സമീപനം സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ചുവടുവെപ്പാണ്.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions