വൈപ്പിന്‍: കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫോക്ലോര് ഫെസ്റ്റിന്റെ ഭാഗമായി പുതുവത്സരാഘോഷം ഡിസംബര്‍ 28,29,30 തീയതികളില്‍ നടത്തും.കുഴുപ്പിള്ളി ബീച്ച്, എടവനക്കാട് പുളിക്ക നാട്ടു ഹാള്‍ , ചെറായി ബീച്ച് എന്നിവിടങ്ങള്‍ വേദിയാകും.ഡിസംബര്‍ 28 ന് കുഴുപ്പിള്ളി ബീച്ചില്‍ വൈകുന്നേരം 3.30 ന് മനോഹരമായ ഘോഷയാത്രയോടെ പുതുവത്സരാഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന സംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റും ഫോക്ലോര് ഫെസ്റ്റ് ജനറല്‍ കണ്വീനറുവായ കെ എസ് നിബിന്റെ അധ്യക്ഷതയില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എയും രാജു നാരായണ സ്വാമി ഐ എ എസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. .
നാലുമണിക്ക് സംസ്ഥാനതല ബീച്ച് ജൂഡോ ചാമ്പ്യന്‍ഷിപ്പ് നടക്കും. ഏഴു മണിക്ക് നാടന്‍ നൃത്തരൂപമായ മടാട്ട് നൃത്തം കുളത്തൂപ്പുഴ തനത് കലാസംലം അരങ്ങിലെത്തിക്കും. തുടര്‍ന്ന് ഗാനമേള.ഡിസംബര്‍ 29 നു രാവിലെ പത്തു മുതല്‍ എടവനക്കാട് പുളിക്കനാട്ട് ഹാളില്‍ ഇശല്‍ ഫെസ്റ്റ് ചലച്ചിത്ര നടന് മജീദ് ഉത്ഘാടനം ചെയ്യും. കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എയും പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന് റഷീദ് മോങ്ങവും വിശിഷ്ടാതിഥികളാകും.
ജനകീയ കലാരൂപങ്ങളായ ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട് എന്നിവയില്‍ സംസ്ഥാന തല മത്സരം നടക്കും. കുഴുപ്പിള്ളി ബീച്ചില്‍ ഉച്ച കഴിഞ്ഞു 2 മുതല്‍ ബീച്ച് വടംവലി, ബീച്ച് ഗുസ്തി മത്സരങ്ങള്‍.5.30 മുതല്‍ വാവയുടെ ഗാനാഞ്ജലി. 6.30 നു വയനാട് വെള്ളയ്യാങ്കണി പളിയ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തമായ പളിയ നൃത്തം അരങ്ങേറും. തുടര്‍ന്ന് കോപ്പാ പോയട്രി ബാന്‍ഡിന്റെ അത്യാകര്ഷക കൊട്ടും പാട്ടും പറച്ചിലും.30 ന് ചെറായി ബീച്ചില്‍ വൈകിട്ട് 6.30 മുതല്‍ തനത്, നാടന്‍ കലാരൂപമായ ഗദ്ദിക വയനാട് പി കെ കാളന് ഗോത്രകല അവതരിപ്പിക്കും. കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ സന്നിഹിതനാകും.