കോഴിക്കോട്: ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലി “അലോക” ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം ഓഫീസും കോളേജിന്റെ നവീകരിച്ച വെബ്സൈറ്റും 2025 ഫെബ്രുവരി 1 ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് നഗരസഭാ ഡപ്യൂട്ടി മേയർ ശ്രീ. സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അലോക വൈസ് ചെയർമാനും, കോളേജ് പ്രിൻസിപ്പലുമായ ഡോ.പി.കൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അലോക കൺവീനർ ഡോ. സനിൽ കുമാർ എം.സി. സ്വാഗത പ്രസംഗം നിർവഹിച്ചു. കോളേജിന്റെ വെബ്സൈററ് നവീകരിച്ചതിനുളള പ്രശംസാപത്രം കെൽട്രോണിന് വേണ്ടി സീനിയർ എഞ്ചിനീയർ ശ്രീമതി.ജിഷ ആർ. പ്രിൻസിപ്പാളിൽ നിന്നും സ്വീകരിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ.റിതേഷ്. ബി, മുൻ അധ്യാപകനും, കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയുമായിരുന്ന ഡോ.വിജയൻ, കോളേജ് യൂണിയൻ ചെയർപേഴ്സണൽ അമൽഡ ആന്റണി, അലുമിനി പ്രതിനിധി ഡോ.ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, വൈസ് പ്രിൻസിപ്പൽ ഡോ. നിമ്മി മോൾ നന്ദിപ്രസംഗം നടത്തുകയും ചെയ്തു.