ഹരിവരാസനം പുരസ്‌കാരം
കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

Harivarasanam Award

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

 

തിരുവനന്തപുരം: സര്‍വ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ തിരഞ്ഞെടുത്തത്. റവന്യൂ (ദേവസ്വം) സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീമതി അനുപമ റ്റി.വി., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പ്രകാശ്.സി.വി., സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി.

പൈതൃകത്തിലേയും അഴകിയ രാവണനിലേയും ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കൈതപ്രത്തിന് നാടകഗാന രചനയ്ക്കും രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1997ല്‍ കാരുണ്യം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അദ്ദേഹത്തിന് 2021 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions