കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍ 15 വരെ കാക്കനാടുള്ള കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 14 ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എക്‌സ്‌പോയില്‍, ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികള്‍ ഉള്‍പ്പെടെ, രാഷ്ട്രീയ, വ്യവസായിക മേഖലകളിലെ സുപ്രധാന വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുക്കും.
കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ, സംസ്ഥാന വ്യവസായ വകുപ്പ്, കിന്‍ഫ്ര, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി), കേന്ദ്ര ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വകുപ്പ് (എം.എസ്.എം.ഇ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ കൂടുതല്‍ വ്യവസായസൗഹൃദപരമാക്കുന്നതിനും വ്യവസായികള്‍ക്കിടയില്‍ പങ്കാളിത്തവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ത്രിദിനസംഗമം നിര്‍ണായക പങ്കുവഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്നൂറോളം കമ്പനികള്‍ പങ്കെടുക്കും. വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, പ്രെസെന്റേഷനുകള്‍, ശില്പശാലകള്‍ എന്നിവയും ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വിവിധതരം സെന്‍സറുകള്‍, റോബോട്ടുകള്‍, സോഫ്ട്!വെയറുകള്‍ എന്നിവയുടെ പ്രദര്‍ശനം പ്രധാന ആകര്‍ഷണമായിരിക്കും. വ്യാവസായിക വ്യവസായങ്ങള്‍ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളുടെ പ്രത്യേക ഡെസ്‌കുകളും വേദിയിലുണ്ടാകും. രാജ്യത്തിന്റെ മൊത്തം ഭാവി വാണിജ്യ, വ്യവസായ വളര്‍ച്ചയ്ക്ക് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരമുണ്ടാകും. ആവശ്യമുള്ളവര്‍ക്ക് പ്രദര്‍ശനത്തിനെത്തുന്ന ഉപകരണങ്ങളും യന്ത്രസാമഗ്രികളും തങ്ങളുടെ വാണിജ്യാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം.
കച്ചവടം വര്‍ധിപ്പിക്കാനും വിപണിയിലെ സ്വാധീനം ഊട്ടിയുറപ്പിക്കാനും ദീര്‍ഘകാല ബന്ധങ്ങള്‍ സ്ഥാപിക്കാനും പ്രതിനിധികള്‍ക്ക് എക്‌സ്‌പോ അവസരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.iiie.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ +91 9947733339 എന്ന നമ്പറിലോ info@iiie.in എന്ന ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.എക്‌സ്‌പോയുടെ ആദ്യ ദിവസം, കിന്‍ഫ്രയുടെ മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എക്‌സ്‌പോ ഡയറക്ടറി പുറത്തിറക്കും. കിന്‍ഫ്ര സംരംഭക ഫോറത്തിന്റെ തുറന്ന യോഗവും ആശയവിനിമയ സദസുമാണ് മറ്റൊരു പരിപാടി. സമൂഹത്തിന്റെ അടിത്തട്ട് മുതല്‍ വ്യവസായങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമസമ്മേളനവും നടക്കും. കെ എസ് എസ് ഐ എ സംസ്ഥാന ട്രഷറര്‍ ജയകൃഷ്ണന്‍, കെ എസ് എസ് ഐ എ ജനറല്‍ സെക്രട്ടറി ജോസഫ് പൈകട, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എ നിസാറുദീന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാന്‍ കെ. പി രാമചന്ദ്രന്‍ നായര്‍, എക്‌സ്‌പോ സി. ഇ. ഒ സിജി നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.