കൊച്ചി: ജലസ്രോതസുകളിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെയും ഭാഗമായും പടക്കപ്പലുകളില്‍ ഹൈഡ്രജന്‍ ഇന്ധനം സാധ്യമാകുമോയെന്ന് പരിശോധിച്ച് വരികയാണെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ വി ശ്രീനിവാസ്. ഐഎന്‍എസ് ശാര്‍ദൂലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെട്രോളിങ് വെസലുകളിലും ചെറിയ ബോട്ടുകളിലും ട്രയല്‍ റണ്‍ നടത്തി വരികയാണ്. നിലവില്‍ കപ്പലുകളില്‍ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് പരിസ്ഥിതിസൗഹൃദ ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ സെല്‍ ബസുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
പുതിയ സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും പരീക്ഷിക്കാന്‍ നാവികസേന എപ്പോഴും തയാറാണെന്നും അദ്ദേഹം പറഞ്ഞു.പശ്ചിമതീരദേശത്ത് സുരക്ഷാ ഉറപ്പാക്കാന്‍ നാവികസേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ കൊള്ളക്കാരെ നേരിടാനും കടല്‍ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനും ദക്ഷിണ നാവികസേന നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തീര സുരക്ഷാ ഉറപ്പാക്കുന്നതിനായി നാവിക സേനയുമായി സഹകരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഏത് വെല്ലുവിളി നേരിടാനും നാവികസേനാ സജ്ജമാണ്.
കഴിഞ്ഞ വര്‍ഷം 27 രാജ്യങ്ങളില്‍ നിന്നുള്ള 500 രാജ്യാന്തര ട്രെയിനികളാണ് ദക്ഷിണ നാവിക സേനയില്‍ പരിശീലനത്തിനായി എത്തിയത്. തദ്ദേശനിര്മിത പ്രതിരോധ ഉത്പനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് നാവിക സേന മുന്നോട്ട് പോകുന്നത്. ആത്മനിര്‍ഭര്‍ ഭാരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കി തദ്ദേശ നിര്‍മിത സ്‌പെയര്‍ പാര്‍ട്ടുകള്‍ക്കും ആയുധങ്ങള്‍ക്കും നാവിക സേന കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കൂടുതല്‍ കപ്പലുകളെ ഉള്‍ക്കൊള്ളാന്നുന്നതിനായി പുതുതായി നിര്‍മിക്കുന്ന നോര്‍ത്ത് ജെട്ടിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. അടുത്ത ഫെബ്രുവരിയോടെ ഇത് പ്രവര്‍ത്തന സജ്ജമാകുമെന്നും വൈസ് അഡ്മിറല്‍ ശ്രീനിവാസ് അറിയിച്ചു.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു, പ്രതിരോധ വക്താവ് കമാണ്ടര്‍ അതുല്‍ പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.