ത്രില്ലറില്‍ കില്ലാഡിയായി ബ്ലാസ്‌റ്റേഴ്‌സ്

കലൂര്‍ രാജ്യാന്തര സ്റ്റേഡിയിത്തില്‍ നടന്ന ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒഡിഷയെ കേരളത്തിന്റെ കൊമ്പന്മാര്‍ പിഴുതെറിഞ്ഞത്.

 

കൊച്ചി: കൊമ്പന്മാരുടെ തട്ടകത്തില്‍ വിജയക്കൊടി പാറിക്കാന്‍ എത്തിയ ഒഡീഷ എഫ്‌സിയെ ചുവടോടെ പിഴുത് മഞ്ഞപ്പട. കലൂര്‍ രാജ്യാന്തര സ്റ്റേഡിയിത്തില്‍ നടന്ന ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒഡിഷയെ കേരളത്തിന്റെ കൊമ്പന്മാര്‍ പിഴുതെറിഞ്ഞത്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കലൂര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ ഒഡീഷയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഗോളില്‍ പി്ന്നില്‍ നിന്ന ശേഷമായിരുന്നു കാണികളെ ത്രില്ലടിപ്പിച്ച പ്രകടനനത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ഒഡിഷയാക്കായി ജെറി, ഡോറിയെല്‍ട്ടന്‍ എന്നിവരും ബ്ലാസ്‌റ്റേഴിസനായി ക്വാമി പെപ്ര, ജീസെസ് ജിമിനെസ്, നോഹ സദൂയി എന്നിവര്‍ ഗോളുകള്‍ നേടി.

പഞ്ചാബ് എഫ്സിയോട് ജയിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഡാനിഷ് ഫാറൂഖ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ക്ക് ഇന്നലെ കളിക്കാനായില്ല. പ്രീതം കോട്ടാലും അലക്സാണ്ടര്‍ കോയെഫും ആദ്യ ഇലവനില്‍ ഇടം നേടി. സച്ചിന്‍ സുരേഷായിരുന്നു ഗോള്‍വലയ്ക്ക് മുന്നില്‍. പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദീപ് സിങ്, ഹുയ്‌ദ്രോം നവോച്ച സിങ്, ഹോര്‍മിപാം. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, അലക്്സാണ്ടര്‍ കോയെഫ്. മുന്നേറ്റത്തില്‍ നോഹ സദൂയ്, കോറു സിങ്, ക്വാമി പെപ്ര എന്നിവര്‍. രാഹുല്‍ കെ.പി ഇന്നലെ ഒഡീഷ എഫ്സിക്കായി ഇറങ്ങിയില്ല. ഗോള്‍ കീപ്പറായി അമരീന്ദര്‍ സിങ് തുടര്‍ന്നു. അമയ് രണദാവെ, ജെറി ലാല്‍റിന്‍സുവാല, തോയ്ബ സിങ്, മൗര്‍ത്തദ ഫാള്‍ എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ റഹീം അലി, അഹമ്മദ് ജഹൗ, രോഹിത് കുമാര്‍, ജെറി മവിമിങ്താന. മുന്നേറ്റത്തില്‍ ദ്യേഗോ മൗറീസിയോയും ഡോറിയെല്‍ട്ടനും.

ആദ്യ മിനിറ്റില്‍ തന്നെ ലൂണയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റം നടത്തിയെങ്കിലും നാലാം മിനിറ്റില്‍ ഒഡീഷ എഫ്സി അക്കൗണ്ട് തുറന്നു. ബ്ലാസ്റ്റേഴ്സ് ക്ലിയര്‍ ചെയ്ത പന്ത് മൈതാനമധ്യത്തില്‍ പിടിച്ചെടുത്ത ഒഡീഷ താരം ബോക്സ് ലക്ഷ്യമാക്കി ക്രോസ് നല്‍കി. തൊട്ടടുത്ത് നിന്ന പ്രീതം കോട്ടാലിനെ കാഴ്ച്ചക്കാരനാക്കി ഡോറിയെല്‍ട്ടണ്‍ പന്ത് ജെറി മവിമിങ്താനയ്ക്ക് ഹെഡ് ചെയ്തു. രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളെയും ഗോളിയെയും മറികടന്ന് ജെറി പന്ത് കൃത്യം വലയിലാക്കി. ഗ്യാലറി നിശ്ബദമായി. തൊട്ടുപിന്നാലെ ഇടതുപാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച ലൂണ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി, പക്ഷേ വലയ്ക്കരികില്‍ തോയ്ബ സിങ് പന്ത് തടുത്തിട്ടു. സദൂയ്-പെപ്ര സഖ്യം നിരന്തരമായി ഒഡീഷ ഗോള്‍ മുഖത്ത് ആക്രമണം തുടര്‍ന്നു. പന്തടക്കത്തിലും പാസിങിലും മികവ് കാട്ടിയെങ്കിലും ആദ്യപകുതി അവസാനിക്കുമ്പോള്‍ ഒരു ഗോള്‍ പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ആക്രമണം കൂടുതല്‍ ശക്തമാക്കി. 48ാം മിനിറ്റില്‍ ടീം ഗോളിന് തൊട്ടരികിലെത്തി. കോറു സിങ് ഹെഡര്‍ ചെയ്ത് നല്‍കിയ പന്തുമായി വലതുപാര്‍ശ്വത്തിലൂടെ ലൂണയുടെ മനോഹരമായ കുതിപ്പ്. ബോക്സിനകത്ത് വലയ്ക്ക് സമാന്തരമായി കിറുകൃത്യമായൊരു ക്രോസ് നല്‍കി ക്യാപ്റ്റന്‍. പക്ഷേ അതേവേഗത്തില്‍ പന്തിലെത്താന്‍ പെപ്രയ്ക്കായില്ല. അമയ് രണദാവെ കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. ബ്ലാസ്റ്റേഴ്സ് തളര്‍ന്നില്ല, നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്നു. 60ാം മിനിറ്റില്‍ കോറു സിങ് വലതുഭാഗത്ത് നിന്ന് നല്‍കിയ പന്തുമായി മുന്നേറിയ പെപ്ര രണ്ട് ഒഡീഷ താരങ്ങളെയും അഡ്വാന്‍സ് ചെയ്ത അമരീന്ദര്‍ സിങിനെയും വെട്ടിച്ചു, വലക്കരികില്‍ വലങ്കാല്‍ കൊണ്ടുള്ള കരുത്തുറ്റ അടി ഒഡീഷയുടെ ഗോള്‍വല കുലുക്കി. സീസണില്‍ പെപ്രയുടെ നാലാം ഗോള്‍. ഘാന താരത്തിന്റെ സ്വതസിദ്ധമായ ആഘോഷത്തിനൊപ്പം ഗ്യാലറിയും ചേര്‍ന്നു. സമനില ഗോള്‍ ബ്ലാസ്റ്റേഴ്സില്‍ കരുത്ത് നിറച്ചു. തൊട്ടടുത്ത നിമിഷം വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്സഡൈില്‍ കുരുങ്ങി. ടീം കളിയിലെ ആദ്യ മാറ്റം വരുത്തി, കോയെഫിന് പകരം ഹിമെനെസിനെ ഇറക്കി. 73ാം മിനിറ്റില്‍ ഗോള്‍ നേടിയ ജിമെനെസ് കോച്ചിന്റെ തീരുമാനം ശരിവച്ചു. വലതുഭാഗത്ത് നിന്ന് ബോക്സിലേക്ക് ലൂണയുടെ ക്രോസ്, ഇടതുഭാഗത്തായി നിന്ന സദൂയി ഹെഡറിലൂടെ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജിമെനെസിന് മറിച്ച് നല്‍കി. തകര്‍പ്പന്‍ ഷോട്ടില്‍ ജിമിനെസ് പന്ത് ഒഡീഷയുടെ വലയില്‍ എത്തിച്ചു.

സീണസില്‍ സ്പാനിഷ് താരത്തിന്റെ പത്താം ഗോള്‍. കോറു സിങിന് പകരം വിബിന്‍ മോഹനനും, ഐബെന് പകരം സന്ദീപ് സിങും കളത്തിലെത്തി. ലീഡ് ആനുകൂല്യം അധികനേരം ആസ്വദിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 80ാം മിനിറ്റില്‍ ബോക്സിന് തൊട്ടരികെ നിന്ന് ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ഒഡീഷ രണ്ടാം ഗോള്‍ നേടി. ആദ്യ ഷോട്ട് സച്ചിന്‍ തട്ടിയകറ്റി, റീബൗണ്ട് ചെയ്ത പന്തില്‍ വീണ്ടും ഒഡീഷയുടെ പ്രഹരം. ഇത്തവണയും പന്ത് തടഞ്ഞെങ്കിലും കയ്യിലൊതുക്കാന്‍ സച്ചിന്‍ സുരേഷിനായില്ല. തൊട്ടരികെ നിന്ന ഡോറിയെല്‍ട്ടണ്‍ അവസരം മുതലാക്കി, കളി വീണ്ടും സമനിലയിലായി. 83ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഒഡീഷയുടെ പകരതാരം കാര്‍ലോസ് ഡെല്‍ഗാഡോ പുറത്തായി. അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് വിജയഗോളിനായി നടത്തിയ നിരന്തര പരിശ്രമം വിജയം കണ്ടും. അധിക സമയത്ത് സദൂയിയൂടെ മനോഹര ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി.സീസണിലെ ആറാം ജയത്തോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒരു പടി കൂടി കടന്ന് എട്ടാം സ്ഥാനത്തെത്തി. 18ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions