ജംഷഡ്പുര്‍: ആല്‍ബിനോ ഗോമസ് ജംഷഡ് പൂരിന്റെ ഗോള്‍വലയ്ക്കു മുന്നില്‍ വന്‍മതിലായപ്പോള്‍ എവേ മല്‍സരം വിജയം കണ്ട് കളത്തിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയത്തിന്റെ കൈയ്പ്പു നീര്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.തകര്‍ത്തുകളിച്ചിട്ടും ജംഷഡ്പുര്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോയുടെ മിന്നുന്ന പ്രകടനം ബ്ലാസ്റ്റേഴ്സിനെ തടയുകയായിരുന്നു. 14 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ടീം.
അവസാന കളിയില്‍നിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. റുയ്വാ ഹോര്‍മിപാമിന് പകരം പ്രീതം കോട്ടല്‍ തിരിച്ചെത്തി. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, ഹുയ്ദ്രോം നവോച്ച സിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തില്‍ നോഹ സദൂയ്, കോറു, പെപ്ര. ജംഷഡ്പുര്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമസ്. പ്രതിരോധത്തില്‍ പ്രതീക് ചൗധരി, സ്റ്റീഫന്‍ എസെ, മുഹമ്മദ് ഉവൈസ്. മധ്യനിരയില്‍ റെയ് ടച്ചിക്കാവ, ഹാവിയര്‍ ഹെര്‍ണാണ്ടസ്, സൗരവ് ദാസ്. മുന്നേറ്റത്തില്‍ നിഖില്‍ ബാര്‍ല, ജോര്‍ദാന്‍ മറെ, മുഹമ്മദ് സനാന്‍, ഇമ്രാന്‍ ഖാന്‍.
കളിയുടെ നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തി. ജംഷഡ്പുര്‍ പ്രതിരോധത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത് മുന്നേറിയ പെപ്ര നോഹയ്ക്ക് പന്ത് നല്‍കി. അപ്പോഴേക്കും ആല്‍ബിനോ ജംഷഡ്പുരിന്റെ രക്ഷയ്ക്കെത്തി. തൊട്ടടുത്ത നിമിഷം നോഹയുടെ തകര്‍പ്പന്‍ ഷോട്ട് ആല്‍ബിനോ പിടിച്ചെടുത്തു. തുടര്‍ന്നും കളത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു. പെപ്ര-നോഹ-ലൂണ സഖ്യം നിരന്തരം പന്തുമായി മുന്നേറി. എന്നാല്‍ നിറഞ്ഞുകളിച്ചെങ്കിലും ആദ്യപകുതിയില്‍ പന്ത് വലയിലാക്കാനായില്ല.
ഇടവേളയ്ക്കുശേഷവും കിടയറ്റ പ്രകടനമായിരുന്നു. ലൂണയുടെയും പെപ്രയുടെയും ശ്രമങ്ങളെ പ്രതിരോധം തടഞ്ഞു. ഡ്രിന്‍സിച്ചിന്റെ ഹെഡര്‍ ആല്‍ബിനോ തട്ടിയകറ്റുകയായിരുന്നു. നവോച്ചയുടെ വളഞ്ഞിറങ്ങിയ ഷോട്ട് ആല്‍ബിനോ പറന്നുതടുത്തു. ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് മുന്നില്‍ ആല്‍ബിനോ മതിലായി മാറുകയായിരുന്നു. ജംഷഡ്പുരിന് ലക്ഷ്യത്തിലേക്കുള്ള ഒറ്റ ഷോട്ട് പോലും പായിക്കാനായില്ല. പക്ഷേ, അവരുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യശ്രമം ഗോളിലേക്കായി. 61 ആം മിനിറ്റില്‍ കോര്‍ണറില്‍ തട്ടിത്തെറിച്ച പന്ത് പ്രതീക് ശക്തമായി വലയിലേക്ക് തൊടുത്തു. പിന്നാലെ നോഹയുടെ മറ്റൊരു ഷോട്ടും ആല്‍ബിനോ തടഞ്ഞു.
എഴുപതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. കോറുവിന് പകരം റെന്ത്ലെയിയും സന്ദീപിന് പകരം ഐബമ്പ ഡോഹ്ലിങ്ങുമെത്തി. തുടര്‍ന്നും ജംഷഡ്പുര്‍ ഗോള്‍ കീപ്പര്‍ ബ്ലാസ്റ്റേഴ്സിന് വഴി നല്‍കിയില്ല. 83ാം മിനിറ്റില്‍ ഡാനിഷ് പകരം കെ.പി രാഹുല്‍ എത്തി ആക്രമണനിരയ്ക്ക് മൂര്‍ച്ച കൂട്ടി. അവസാന നിമിഷംവരെ ആഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കാണാനായില്ല. ജനുവരി അഞ്ചിന് പഞ്ചാബ് എഫ്സിയുമായാണ് അടുത്ത കളി.