കൊച്ചി: കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെ.ജി.ജെ.എസ് 2024) ഡിസംബര്‍ 6 മുതല്‍ 8 വരെ കൊച്ചിയിലെ അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കും.കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന് എന്നിവര്‍ ചേര്‍ന്ന് ഷോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പോള്‍ ജോസ് ആലുക്ക, വര്‍ഗീസ് ജോസ് ആലുക്ക, ജോണ്‍ ജോസ് ആലുക്ക തുടങ്ങിയ വ്യവസായ പ്രമുഖരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.സ്വര്‍ണം, വജ്രം, പ്ലാറ്റിനം, വെള്ളി , അനുബന്ധ വസ്തുക്കള്‍, നൂതന ഉപകരണങ്ങള്‍ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്കായുള്ള പവലിയനുകള്‍ ഉള്‍ക്കൊള്ളുന്ന ഏകദേശം 200 സ്റ്റാളുകള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.രാജ്യത്തുടനീളമുള്ള ആഭരണ നിര്‍മ്മാതാക്കള്‍, ജ്വല്ലറി ആര്‍ട്ടിസന്‍സ്, പ്രമുഖ ഡിസൈനര്‍മാര്‍, സാങ്കേതികവിദ്യാ സേവന ദാതാക്കള്‍, മൊത്തക്കച്ചവടക്കാര്‍, റീട്ടെയില്‍ ജ്വല്ലറികള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് മേളയില്‍ എത്തുന്നത്.
ജ്വല്ലറി വ്യാപാരത്തിലെ പ്രശസ്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പി.വി.ജെ എന്‍ഡവേഴ്സ്, ആര്‍ട്ട് ഓഫ് ജ്വല്ലറി (എ.ഒ.ജെ) മീഡിയ, കെ.എന്‍ സി സര്‍വീസസ് എന്നിവരൊരുക്കുന്ന 17 മത് വ്യാപാര മേളയാണിത്. സംസ്ഥാന സര്‍ക്കാര്‍, എംഎസ്എംഇ ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് ഡിപ്പാര്‍ട്ട്മെന്റ്, ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന് (ഐടിപിഒ), എന്നിവയുടെ പിന്തുണയും പ്രമുഖ ജെം ആന്‍ഡ് ജ്വല്ലറി സംഘടനകളുടെ പ്രാതിനിധ്യവും സമ്മേളനത്തിനുണ്ട്.ജ്വല്ലറി നിര്‍മ്മാതാക്കളുടെയും കച്ചവടക്കാരുടെയും സമഗ്രമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് വ്യാപാരമേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ രത്ന, ആഭരണ വിപണിയെ പുതിയ ഉയരങ്ങളിലേക്ക് ഇത് നയിക്കുമെന്ന്പിവിജെ എന്‍ഡവേഴ്സ് ചെയര്മാന് പി.വി ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജ്വല്ലറി നിര്‍മ്മാതാക്കള്‍, ഡിസൈനര്‍മാര്‍, ടെക്നോളജി ദാതാക്കള്‍, മൊത്തക്കച്ചവടക്കാര്‍ തുടങ്ങി രാജ്യത്തെ ആഭരണ വ്യവസായത്തെ പ്രതിനിധീകരിക്കുന്നവരെ ഒരു കുടക്കീഴില് കൊണ്ടുവരുന്ന ഷോ യാണിതെന്ന് ആര്‍ട്ട് ഓഫ് ജ്വല്ലറി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ സുമേഷ് വാധേര പറഞ്ഞു.മുംബൈ, അഹമ്മദാബാദ്, രാജ്കോട്ട്, ജയ്പൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, കേരളം തുടങ്ങിയ ജ്വല്ലറി ഹബ്ബുകളില്‍ നിന്നുള്ള പ്രമുഖ നിര്‍മ്മാതാക്കളുടെ ഡിസൈനുകള്‍ , ഭാരം കുറഞ്ഞ ആഭരണങ്ങള്‍, 18 കെ സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍, എന്നിവയുള്‍പ്പെടെയുള്ള ശേഖരങ്ങളുടെ വിപുലമായ ഒരു നിര തന്നെ ഷോ ഒരുക്കും.കേരളത്തിന്റെ പരമ്പരാഗത ആഭരണങ്ങള്‍ക്ക് ആഗോള സാധ്യതകളുണ്ട്. ഇവയുടെ നിര്‍മ്മാണ വിപണന സംവിധാനങ്ങള്‍ വിപുലീകരിക്കുന്ന നിര്‍ണ്ണായക വേദി കൂടിയാണ് കെ.ജി.ജെ.എസ് എന്ന് കെഎന്‍സി സര്‍വീസസ് സി.ഇ.ഒ ക്രാന്തി നാഗ്വേകര്‍ പറഞ്ഞു. മെഷീന്, സാങ്കേതികവിദ്യകള്‍ ഉപകരണ നിര്‍മ്മാതാക്കള്‍, സോഫ്റ്റ്വെയര്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍, പാക്കേജിംഗ്, ഡിസ്പ്ലേ വിദഗ്ധര്‍, വിവിധ സേവന ദാതാക്കള്‍ എന്നിവ ഉള്‍പ്പെടുന്ന നിര്‍മ്മാണ മേഖലയുടെ വലിയ പ്രതിനിധ്യവും ഷോയിലുണ്ടാവും.രാവിലെ 10:00 മുതല്‍ വൈകിട്ട് 6:00 വരെയാണ് എക്സിബിഷന്.ജ്വല്ലറി ഡീലര്‍മാര്‍, ആര്‍ട്ടിസന്‍സ് എന്നിവരുള്‍പ്പെടെയുള്ള വ്യാപാര പ്രൊഫഷണലുകള്‍ക്ക് ബിസിനസ്സ് ബന്ധം മെച്ചപ്പെടുത്താനും ഏറ്റവും പുതിയ വ്യവസായ രീതികള്‍ മനസ്സിലാക്കാനുമുള്ള മികച്ച അവസരമാണ് ബി.ടു.ബി ഷോ ഒരുക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം പ്രവേശനം.പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.