സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത്
കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ‘കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷന്‍സ്’ എന്ന പേരില്‍ പുതുമയാര്‍ന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത്.
കലാമണ്ഡലത്തിന്റെ വരുംകാലപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും മാര്‍ഗ്ഗവും നല്‍കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി, അതിന്റെ വാതായനങ്ങള്‍ തുറന്നുകൊടുക്കുക എന്ന ചരിത്രപ്രാധാന്യമുള്ള ഒരു ദൗത്യത്തിന് തുടക്കം കുറിക്കുന്നു എന്നുള്ളതാണ് ഈ സായംസന്ധ്യയുടെ പ്രധാന സവിശേഷത എന്ന് കേരള കലാമണ്ഡലം റജിസ്ട്രാര്‍ ഡോ. രാജേഷ് കുമാര്‍ പി പറഞ്ഞു. കല, സംസ്‌ക്കാരം എന്നിവയെ സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഗൗരവമായ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ആസ്ഥാനമായ ബാങ്കെന്ന നിലയില്‍ ഈ നാടിന്റെ മഹത്തായ കലാ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിലും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്കാലവും പ്രതിബദ്ധരായിരിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ പറഞ്ഞു. ക്ലാസ്സിക്കല്‍ കലകളുടെ പൈതൃകത്തെ ആദരിക്കുന്നതിനോടൊപ്പം പുതുവര്‍ഷം അര്‍ത്ഥവത്തായി തുടങ്ങുന്നതിനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
കഥകളി, മോഹിനിയാട്ടം, ദീപ പാലനാട്, സുദീപ് പാലനാട് എന്നിവര്‍ നയിക്കുന്ന കഥകളി മോജോ തുടങ്ങിയ അവതരണങ്ങള്‍ക്ക് പുറമെ, കഥകളിയുടെ ആഹാര്യ സൗന്ദര്യ രീതികളെ അധിഷ്ഠിതമാക്കി പ്രത്യേകം രൂപകല്‍പന ചെയ്ത ഭക്ഷണം, ഫാഷന്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ തല്‍സമയനിര്‍മാണവും പ്രദര്‍ശനവും നടക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡ്മായ ബിജി എസ് എസ്, മാര്‍ക്കറ്റിംഗ് ഹെഡ് രമേഷ് കെ പി, കഥകളിലൂടെ കലാമണ്ഡലം ക്യൂറേറ്റര്‍ ലക്ഷ്മി മേനോന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കേശവന്‍ നാരായണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.