തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അനന്തപുരിയിലെ മണ്ണില്‍ തിരിതെളിഞ്ഞു.തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു.കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടക്കൈചൂരല്‍മല ദുരന്തം അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദേശത്തിലെ മുഴുവന്‍ കൗമാര പ്രതീക്ഷകളും വര്‍ഷത്തിലൊരിക്കല്‍ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ മുഴുവന്‍ സര്‍ഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദര്‍ശലോകവുമാണ് ഇവിടങ്ങളില്‍ മാറ്റുരയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ കൂടി മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ടി വാസുദേവാന്‍ നായരുടെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവമെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ ജി.ആര്‍. അനില്‍, കെ. രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്, ആന്റണി രാജു, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, എം.വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, ജില്ലാ കളക്ടര്‍ അനുകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.