കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശിവപ്രസാദിന്റെ ധിക്കാരപരമായ നടപടിയിലും അധികാര ദുര്‍വിനിയോഗത്തിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം ഓഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റ് ഇലക്ടുമായ ഡോ.പി.കെ സുനില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ. ശിവപ്രസാദിനെതിരെ കെ.ജി.എം. ഒ.എ നടത്തുന്നത് ധര്‍മ്മ സമരമാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കാതെയുള്ള യാതൊരു ഒത്തു തീര്‍പ്പിനും കെ.ജി.എം.ഒ.എ തയ്യാറല്ലെന്നും ഡോ.പി.കെ സുനില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ആട്ടിന്‍തോലിട്ട ചെന്നായ ആണ് ഡോ.ശിവപ്രസാദ്. കെ.ജി.എം.ഒ.യുടെ കൂടെ നടന്ന് വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വനിതകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഓഫിസര്‍മാരോട് അപമര്യാദയായി പെരുമാറുന്ന ഡോ. ശിവപ്രസാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഡോ. മിനു കൃഷ്ണന്‍, ട്രഷറര്‍ ഡോ. ജിനു ആനി, ഡോ. കെ.എച്ച് ദീപാ, ഡോ. എ.ബി വിന്‍സെന്റ്, കെ.ജി.എം.ഒ.എ ജില്ലാ വനിതാം വിംഗ് കണ്‍വീനര്‍മാരായ ഡോ. ശോഭ, ഡോ. മീര, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ ജോയ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.