നിക്ഷേപക സൗഹൃദ നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും കേരളം ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: കേരളത്തിന്റെ സാധ്യതകളും അനുകൂല ഘടകങ്ങളും ഇനിയും മാര്‍ക്കറ്റ് ചെയ്യേണ്ടതുണ്ടെന്നും കൂടുതല്‍ നിക്ഷേപകരെയും കമ്പനികളെയും ആകര്‍ഷിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ വേണമെന്നും മുന്‍ അംബാസഡര്‍ വേണു രാജാമണി അഭിപ്രായപ്പെട്ടു.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) എംകെകെ നായര്‍ സ്മാരക പ്രഭാഷണ പരമ്പരയില്‍ ദി ന്യൂ വേള്‍ഡ് ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക സൗഹൃദ നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും കേരളം ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാദ്ധ്യതകള്‍ അവസരമാക്കി മാറ്റണമെന്നും വേണു രാജാമണി ചൂണ്ടികാട്ടി .ലോകരാഷ്ട്രങ്ങളില്‍ അശാന്തി പടരുകയാണെന്നും അതിര്‍ത്തി അധികാര തര്‍ക്കങ്ങള്‍ വരും നാളുകളില്‍ വര്‍ധിക്കുമെന്നും വേണു രാജാമണി പറഞ്ഞു. പല വിഷയങ്ങളിലും യുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. റഷ്യ, ഉക്രെയിന്‍ വിഷയങ്ങളിലും, പലസ്തീന്‍ വിഷയങ്ങളിലും പല രാജ്യങ്ങള്‍ക്കും ഇരട്ടത്താപ്പുണ്ടെന്നും വേണു രാജാമണി പറഞ്ഞു. മാനേജ്‌മെന്റ് മേഖലയില്‍ എം കെ കെ നായര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് വേണു രാജാമണി പറഞ്ഞു.
ഫാക്ടിനെ ഇപ്പോഴത്തെ നിലയിലേക്ക് ഉയര്‍ത്തിയത് എം കെ കെ നായര്‍ ആയിരുന്നുവെന്നും വ്യവസായ, വാണിജ്യ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ പ്രഗത്ഭനായിരുന്നു എം കെ കെ എന്നും അദ്ദേഹം അനുസ്മരിച്ചു.ഫാക്റ്റ് മുന്‍ ചീഫ് എഞ്ചിനീയര്‍ ഗോപകുമാര്‍ എം നായര്‍ എം കെ കെ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെഎം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. സ്മാരക പ്രഭാഷണ കമ്മിറ്റി അധ്യക്ഷന്‍ എ സി കെ നായര്‍, കെ എം എ ജോ.സെക്രട്ടറി അനില്‍ വര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.