കൊച്ചി: ഓരോ നൃത്ത പഠന ക്ലാസും അരങ്ങാണെന്ന് കരുതി പരിപൂര്‍ണമായ ആനന്ദത്തോടെയുള്ള സമര്‍പ്പണമാകണമെന്ന് പ്രശസ്ത നര്‍ത്തകദമ്പതിമാരായ ഷിജിത്തും പാര്‍വതിയും പറഞ്ഞു. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ നൃത്തോത്സവം ഭാവ്’2024 ന്റെ ഭാഗമായി ടൗണ്‍ ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിശബ്ദതയെ ഭാവാത്മകമാക്കാന്‍ നര്‍ത്തകന് കഴിയണം. നിരന്തരമായ പരിശീലനത്തിലൂടെ തന്റെ ഇടത്തിന്റെ അനന്ത സാദ്ധ്യതകളിലേക്കുള്ള തിരിച്ചറിവിലേക്ക് കലാകാരന്‍ എത്തിച്ചേരും.
ഇവിടെ ദേഹമാണ് ഉപകരണം. ശരീരവും മനസും ആത്മാവും ശ്രുതിയുമായി ലയിക്കുമ്പോഴാണ് വേദിയില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. ഇതിനായി കലാകാരന്‍ നൃത്തമായി രൂപാന്തരപ്പെടണം. ഇടവുമായുള്ള മനോഹരമായ സംഭാഷണമാണ് നൃത്തം. നര്‍ത്തകന്‍ പഞ്ചഭൂതത്തിന്റെ നേതാവാകും. നടരാജനായി മാറും. തന്റെ ചലനങ്ങളിലൂടെ നര്‍ത്തകന്‍ വേദിയെ വര്‍ണ്ണാഭമാക്കുന്നു. കാണികളുടെ ധ്യാന കേന്ദ്രമാകാന്‍ കഴിയുന്നു.ശ്വാസത്തിന്റെയും ശ്രുതിയുടെയും സാധ്യതകളിലേക്ക് സഞ്ചരിക്കണം. പഠനത്തിന്റെ ഓരോ ഘട്ടത്തിലും പ്രകടനത്തെ സൂക്ഷ്മമായി വിലയിരുത്തി മെച്ചപ്പെടുത്തണം, അവര്‍ പറഞ്ഞു.ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.