സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി.
കൊച്ചി:കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെപിഎംഎ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് സമര്‍പ്പണം ജനുവരി 11ന് വൈകുന്നേരം 6.30 ന് കൊച്ചി റിനൈ ഹോട്ടലില്‍ നടക്കും. സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി. 50,000 രൂപയും പ്രശംസാ പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് കെ.പി.എം.എ സംസ്ഥാന പ്രസിഡന്റ് ജെ സുനില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഷറഫ് എന്നിവര്‍ അറിയിച്ചു.
സംഘടനയുടെ 27ാമത് വാര്‍ഷിക സമ്മേളനം അന്നേ ദിവസം കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സിപെറ്റ് ഡയറക്ടര്‍ ഡോ. കെ. എ രാജേഷ്, ബിപിസിഎല്‍ കൊച്ചി റിഫൈനറി എച്ച്.ആര്‍ വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് തോമസ് എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. ചടങ്ങില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പോളിമര്‍ സയന്‍സില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം മാര്‍ക്ക് വാങ്ങി വിജയിച്ച ബിടെക് വിദ്യാര്‍ഥിനി എം. ഫര്‍സാന, എം.ടെക് വിദ്യാര്‍ഥി ആഷ്‌ലി എല്‍ദോ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും സമ്മാനിക്കും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, സിപെറ്റ് എന്നിവടങ്ങളില്‍ പോളിമര്‍ സയന്‍സില്‍ ഉന്നത നിലവാരത്തില്‍ പഠനം തുടരുന്ന 15 വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്യുമെന്നും കെ.പി.എം.എ ഭാരവാഹികള്‍ അറിയിച്ചു.