കലൂര്‍ കൈലാസമാകും; 12000 നര്‍ത്തകരുടെ ഭരതനാട്യം 29ന് 

mridang vision

കൊച്ചി: മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 29ന് വൈകിട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് 12000 ഭരതനാട്യം നര്‍ത്തകര്‍ ചുവടുവെയ്ക്കുക.

മയില്‍ക്കൂട്ടം പറന്നിറങ്ങിയതു പോലെ നിറപ്പകിട്ടാര്‍ന്ന ദൃശ്യത്തിന് കൈലാസം എന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന തീം. ഈ ഭരതനാട്യ മെഗാ ഈവന്റ്ലൂടെ ഭാരതീയ നൃത്തരംഗത്തെ സ്വര്‍ഗ്ഗീയ വിരുന്നൊരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.mridang vision

പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മകന്‍ ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ നര്‍ത്തകര്‍ ചുവടുവെയ്ക്കുക. കല്ല്യാണ്‍ സില്‍ക്സിന്റെ നെയത്ത് ഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ആര്‍ട്ട്സില്‍ക്ക് സാരി അണിഞ്ഞ് 12000 ഭരതനാട്യ നര്‍ത്തകര്‍ ഒന്നിച്ചു ചുവടുവെയ്ക്കുന്നത് ഗിന്നസ് ലോകറെക്കോര്‍ഡിന് വഴിയൊരുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ നൃത്തരംഗത്തിന് സമഗ്രസംഭാവനകള്‍ നല്‍കിയ കലാമണ്ഡലം, കലാക്ഷേത്ര, ആര്‍എല്‍വി, ലാസ്യ തുടങ്ങിയിടങ്ങളിലെ ഗുരുക്കന്മാരെ ജോയ് ആലുക്കാസ് ആദരിക്കും. ചലച്ചിത്ര താരവും പരസ്യചിത്ര സംവിധായകനുമായ സിജോയ് വര്‍ഗ്ഗീസാണ് മൃദംഗവിഷന്റെ ചീഫ് പാട്രണ്‍. പരിപാടിക്ക് മാറ്റുകൂട്ടാന്‍ പരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും വിദ്യാഉണ്ണി, ഋതുമന്ത്ര, ഉത്തരാ ഉണ്ണി, ദേവി ചന്ദന തുടങ്ങിയ പ്രഗത്ഭരുടെ നൃത്തപ്രകടനങ്ങളും അരങ്ങേറും.

നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യഗണങ്ങളും ആറുമാസത്തോളം കഠിന പ്രയത്നം നടത്തിയാണ് പരിപാടിക്കായി തയ്യാറെടുത്തത്. ജി സി സി, ആസ്ത്രേലിയ, യു കെ, യു എസ് എ, കാനഡ തുടങ്ങിയവ ഉള്‍പ്പെടെ അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ കേരളത്തിന് പുറമേ മുംബൈ, ബെംഗളൂരു, ഹൈദരബാദ്, ചെന്നൈ തുടങ്ങിയ ഇടങ്ങളില്‍ നിന്നും മലയാളി നര്‍ത്തകരെത്തും.
ഏഴ് വയസ്സിന് മുകളില്‍ പ്രായമുള്ള നൃത്തത്തെ സ്നേഹിക്കുന്ന ലിംഗഭേദമന്യേയാണ് മൃദംഗനാദം ഭരതനാട്യത്തില്‍ പങ്കെടുക്കുന്നത്. ഏറെ മുതിര്‍ന്ന പ്രായമുള്ളവരും നര്‍ത്തകരായുണ്ട് എന്നത് പരിപാടിയുടെ പ്രത്യേകതയാണ്.

വൈകിട്ട് മൂന്ന് മണി മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശനം അനുവദിക്കും. ആറുമണിയോടെ കലാസന്ധ്യ ആരംഭിക്കും. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ഭരതനാട്യം നര്‍ത്തകര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്രാ ഇളവ് ലഭിക്കും. കൂടുതല്‍ പേര്‍ക്ക് മികച്ച പരിപാടി കാണാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 149 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ലഭ്യമാണ്. ചലച്ചിത്ര താരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി, മൃദംഗവിഷന്‍ ചീഫ് പാട്രണ്‍ സിജോയ് വര്‍ഗ്ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions