മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്.
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വെച്ച് നടന്ന ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്.
സീനിയര്‍ പുരുഷന്മാരുടെ പൊമ്മല്‍ ഹോര്‍സില്‍ ഹരികൃഷ്ണന് ജെ.എസ്. സ്വര്‍ണം നേടി. ദേശീയ ഗെയിംസിന് യോഗ്യതയും സ്വന്തമാക്കി. ജൂനിയര്‍ പൊമ്മല്‍ ഹോര്‍സില്‍ മിധുന് വി നായര്‍ സ്വര്‍ണം കരസ്ഥമാക്കി. 12.267 പോയിന്റ് നേടിയാണ് സ്വര്‍ണനേട്ടം. സീനിയര്‍ പുരുഷന്മാരുടെ ടംമ്പിളിങില് മുഹമ്മദ് നിബ്രാസ് ഹക്ക് സ്വര്‍ണം നേടി.
സീനിയര്‍ വനിതകളുടെ ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ അമാനി ദില്‍ഷാദ് വെള്ളി നേടി. സീനിയര്‍ പുരുഷന്മാരുടെ ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ സ്റ്റില്‍ റിങ്സ് വിഭാഗത്തില്‍ സ്വാതിഷ് കെ.പി. വെങ്കലും നേടി. തുടക്കത്തില്‍ സ്വര്‍ണം നേടി സ്വാതിഷ് സ്കോറിങ്ങിലെ ടെക്നിക്കല്‍ പ്രശ്നം കാരണം വെങ്കലമാകുകയായിരുന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ പൊമ്മല്‍ ഹോര്‍സില്‍ ശ്രീരാഗ് വെള്ളി നേടി. ശ്രീരാഗിന്റെ ആദ്യ ദേശീയ മത്സരമെഡലാണിത്. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ട്രാംപോളിന് വിഭാഗത്തില്‍ ധ്രുവ് എയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രാംപോളിന് വിഭാഗത്തില്‍ രാജലക്ഷ്മിയും വെങ്കലം നേടി. സീനിയര്‍ വനിതകളുടെ ട്രാംപോളിന് വിഭാഗത്തില്‍ അന്വിതാ സച്ചിനും പുരുഷ വിഭാഗത്തില്‍ മനുമുരളിയും വെള്ളി നേടി. സീനിയര്‍ ട്രാംപോളിന് ടീം ഇനത്തില്‍ കേരളം വെങ്കലം നേടി. അനില്‍ രാജേന്ദ്രന് ടിആര്‍, സൂരജ് എഎന്‍, യഥുരാജ്, മനുമുരളി എന്നിവരുള്‍പ്പെടുന്നതാണ് ടീം. ദേശീയ ഗെയിംസിന് ടീം യോഗ്യത കരസ്ഥമാക്കി.
സീനിയര്‍ അക്രോബാറ്റിക്സ് ജിംനാസ്റ്റിക്സ് വനിതാ ബാലന്‍സ് / ഡൈനാമിക് ഇനത്തില്‍ ലക്ഷ്മി ബി നായര്‍, പൗര്‍ണമി ഹരിഷ് കുമാര്‍ സഖ്യം വെങ്കലം നേടി. സീനിയര്‍ അക്രോബാറ്റിക്സ് പുരുഷ ഗ്രൂപ്പ് ഇനത്തില്‍ മുഹമ്മദ് അജ്മല്‍ കെ, മുഹമ്മദ് സഫ്വാന് പി.കെ. സ്വാതിക് എംപി, ഷിറില്‍ റുമാന്‍ പിഎസ് സഖ്യം വെങ്കലം സ്വന്തമാക്കി. സീനിയര്‍ മിക്സഡ് പെയര്‍ വിഭാഗത്തില്‍ പാര്‍വദി ബി നായര്‍, ഫസല്‍ ഇംതിയാസ് സംഖ്യം വെങ്കലം നേടി. കേരളത്തെ പ്രതിനിധീകരിച്ച 89 പേരില്‍ 26 പേര്‍ക്ക് മെഡലുകള്‍ ലഭിച്ചു.