തിരുവന്തപുരം: സംസ്ഥാനത്ത് പുത്തന്‍ കൃഷി രീതികള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂവിനിയോഗത്തിന് സാറ്റലൈറ്റ് മാപ്പിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിങ് തുടങ്ങിയ നവീനസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. കേരളത്തിലെ വിഭവങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, മറ്റ് ജലാശയങ്ങള്‍, ഓരോ കൃഷിക്കും അനുയോജ്യമായ ഭൂഘടന എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉണ്ടാകണം.
ഭൂവിസ്തൃതിയില്‍ കുറവുണ്ടാകുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠനവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിശാലമായ സമീപനം അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കേണ്ടതാണ്. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടായ പ്രളയം, വരള്‍ച്ച, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയെയും കൃഷിരീതികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരം ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്വന്തമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനുകള്‍ തയ്യാറാക്കി വരുന്നു. ഭൂവിനിയോഗ ബോര്‍ഡിന്റെ കൈവശമുള്ള പഠനരേഖകളും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തൃതിയുടെ മുപ്പത് ശതമാനവും നാളികേര കൃഷിയാണ്. നാളികേര ഉല്‍പാദനത്തില്‍ ഇടയ്ക്ക് പിന്നോട്ട് പോയെങ്കിലും കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനം നമ്മള്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരഗ്രാമം പദ്ധതിയും, ആവര്‍ത്തന നടീല്‍ കൃഷിരീതിയും, ഇടവിള സമ്മിശ്ര കൃഷിരീതികളും കേരളത്തിലുണ്ട്. അതോടൊപ്പം പുത്തന്‍ കൃഷിരീതികള്‍ നടപ്പിലാക്കുന്നതിനുള്ള ഭൂവിനിയോഗ നടപടികളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ ബോര്‍ഡിന്റെ കൈപ്പുസ്തകവും സജലം പദ്ധതിയുടെ വെബ്സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.