സിബി മലയില്‍ ചെയര്‍മാനും ഡോ.ജെയിന്‍ ജോസഫ് ഫെസ്റ്റിവല്‍ ഡയറക്ടറുയുമായ ഫെസ്റ്റിവലിന്റെ ആദ്യ സീസനാണ് ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നത്.
കൊച്ചി: നിയോ ഫിലിം സ്‌കൂള്‍ സംഘടിപ്പിക്കുന്ന എന്‍ എഫ് ആര്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 24, 25 ,26 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഫിലിം ഫെസ്റ്റിവല്‍ ചെയര്‍മാനും സംവിധായകനുമായ സിബി മലയില്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.ജെയിന്‍ ജോസഫ്, സംവിധായകന്‍ ലിയോ തദേവൂസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിബി മലയില്‍ ചെയര്‍മാനും ഡോ.ജെയിന്‍ ജോസഫ് ഫെസ്റ്റിവല്‍ ഡയറക്ടറുയുമായ ഫെസ്റ്റിവലിന്റെ ആദ്യ സീസനാണ് ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നത്. കഴിഞ്ഞ 4 മാസത്തിലേറെയായി നടക്കുന്ന എന്‍ എഫ് ആര്‍ ഗ്ലോബല്‍ അക്കാദമി അവാര്‍ഡ്‌സ് , പിച്ച് റൂം,കോണ്‍ക്ലേവ്‌സ് തുടങ്ങി 7 മേഖലകളിലായി നടത്തപ്പെടുന്ന പരിപാടികളുടെ പരിസമാപ്തി കൂടിയാണ് ഈ ദിവസങ്ങളില്‍ നടക്കുക. 24ന് രാവിലെ 9 മുതല്‍ 2 വരെ എറണാകുളം ശ്രീധര്‍ സിനിമാസില്‍ ഷോര്‍ട് ഫിലിം മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച പത്തു ഹൃസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിനിമാ സംവിധായകന്‍ വെട്രിമാരന്‍ ചെയര്‍മാനായ ജൂറിയാണ് ഫിലിമുകള്‍ സെലക്ട് ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യൂമെന്ററി , ആനിമേഷന്‍ ഫിലിമുകള്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ ആണ് മത്സരം സംഘടിപ്പിച്ചത്.
25ന് മറൈന്‍െ്രെഡവ് താജ് വിവാന്തയില്‍ എന്‍ എഫ് ആര്‍ ഫിലിം കോണ്‍ക്ലേവ് നടക്കും. .കോണ്‍ക്ലേവിന്റെ ഭാഗമായി 3 പാനല്‍ ഡിസ്‌കഷനുകളും ഉണ്ടാകും. പാനല്‍ ചര്‍ച്ചയില്‍ ഫിലിം ടെക്‌നോളജി @ 2025 ഇന്നൊവേറ്റീവ് സോഫ്റ്റ്‌വെയേഴ്‌സ് ആന്‍ഡ് ക്രീയേറ്റീവ് എ ഐ ഫ്രം ലോക്കല്‍ ആര്‍ട്, കളക്റ്റീവ് ടു ഗ്ലോബല്‍ ഫിലിം ഇന്‍ഡസ്ട്രി, റിഡിഫൈനിംഗ് ഫിലിം ആസ് എ പ്രൊഫഷന്‍ ഇന്‍ ദി ഏജ് ഓഫ് അല്‍ഗൊരിതംസ് (Redefining film as a Profession in the age of algorithms) എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ചര്‍ചയില്‍ എ വി അനൂപ് (മെഡിമിക്‌സ് ), ആന്റോ ചിറ്റിലപ്പിള്ളി (ന്യൂട്ടന്‍ സിനിമാസ് ), പ്രൊ.ചന്ദ്രഹാസന്‍ , സിജോയ് വര്‍ ഗീസ് തുടങ്ങി പതിനാറോളം പ്രമുഖര്‍ പങ്കെടുക്കും.
എഴുത്തുകാരനും സംവിധായകനുമായ ലിയോ തദേവൂസ് , നീയോ ഫിലിം സ്‌കൂള്‍ സ്ഥാപകനായ ജെയിന്‍ ജോസഫ് എന്നിവര്‍ മോഡറേറ്റര്‍ മാരായിരിക്കും . വൈകീട്ട് താജ് ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സിനിമാ സംവിധായകന്‍ . വെട്രിമാരന്‍ , നടി മഞ്ജു വാര്യര്‍, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങീയ സിനിമാ , കലാ , സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. 26 നു മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ വിവിധ കലാ കൂട്ടായ്മകളില്‍ (art collectives ) നിന്നുള്ള നൂറുകണക്കിന് കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാ പ്രകടനങ്ങളുടെ ഉദ്ഘാടനം രാവിലെ 11 ന് നടക്കും . ചടങ്ങില്‍ ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള,എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് ഉമേഷ് എന്നിവര്‍ പങ്കെടുക്കും. തിയേറ്റര്‍ ,മ്യൂസിക് ,ഡാന്‍സ് ,പെയിന്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നടക്കുന്ന പരിപാടികള്‍ വൈകുന്നേരം 9 മണിയോടെ അവസാനിക്കും.