കൊച്ചി : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീമദ് നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്കാരം 14 മലയാളികള്‍ക്ക് സമ്മാനിച്ചു. ഒറീസ പുരിയില്‍ നടന്ന ചടങ്ങില്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പുരസ്കാര വിതരണം നിര്‍വ്വഹിച്ചു. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവുമായിരുന്നു പുരസ്കാരം. ഇവര്‍ക്കൊപ്പം 60 സഹആചാര്യന്മാര്ക്ക് 5,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും ചടങ്ങില്‍ സമ്മാനിച്ചു.
മംഗളം രാമസ്വാമി (തിരുവനന്തപുരം), ഗിരിജാ രാജന്(ചെറായി), ജി. മീന (തിരുവനന്തപുരം), കാരിയം സോമശേഖരന്‍ (തിരുവനന്തപുരം), ടി പി സുമംഗല (പട്ടാമ്പി), കെ എസ് വിജയലക്ഷ്മി (പത്തനംതിട്ട), ടി എന്‍ സരസ്വതിയമ്മ (കോട്ടയം), ഡോ. കെ എസ് സരസ്വതി (ആലപ്പുഴ), ഗീത ഒ നായര്‍ (തിരുവനന്തപുരം), ഉത്തമ കെ.നമ്പൂതിരി (തൃക്കാരിയൂര്‍, എറണാകുളം), സുമതി നായര്‍ (മാള,), രമാദേവി (വൈക്കം,), പത്മകുമാരി (തിരുവനന്തപുരം), വനജ മോഹനന് (തൃക്കാക്കര) എന്നിവരാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
ഓള് ഇന്ത്യ മലയാളി അസോസിയേഷന് ചെയര്മാന് ബാബു പണിക്കര്‍ അധ്യക്ഷത വഹിച്ചു. പുരി ജഗന്നാഥക്ഷേത്ര മുഖ്യപൂജാരി രാമചന്ദ്ര മഹാപത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ഒഡീഷ ജനറല്‍ സെക്രട്ടറി പണ്ഡിറ്റ് മഹേഷ് സാഹു, ഒഡീഷ സെക്രട്ടറി ഉമാശങ്കര്‍ ആചാര്യ, ഒഡീഷ മലയാളി അസോസിയേഷന് പ്രസിഡന്റ് ചന്ദ്രബാബു, പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റി ആര്. നാരായണ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.