കൗമാര കലാമാമങ്കത്തിന് നാളെ
തിരുവനന്തപുരത്ത് കൊടിയേറ്റ്

രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.

 

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അനന്തപുരിയുടെ മണ്ണില്‍ നാളെ
കൊടിയേറും.രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ െമന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ എന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും.

തുടര്‍ന്ന് ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും.

പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ നൃത്തരൂപങ്ങള്‍.

സംസ്‌കൃതോത്സവം ഗവ. മോഡല്‍ എച്ച്.എസ്.എസ്., ഗവ. മോഡല്‍ എല്‍.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാള്‍ തൈയ്ക്കാട്, ഗവ. മോഡല്‍ എച്ച്.എസ്.എസ്. തൈയ്ക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്‌സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

ജനുവരി 8 ന് വൈകിട്ട് 5 ന് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

 

 

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions