കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 12 മുതല്‍ 23 ജനുവരി വരെ നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് പി. യു രാധാകൃഷ്ണന്, സെക്രട്ടറി എ. എന്‍ മോഹനന് വൈസ് പ്രസിഡന്റ് നന്ദകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എസ് അശോകന്, അടൂര്മന കാരണവര്‍ കുഞ്ഞനുജന് നമ്പൂതിരിപ്പാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അകവൂര്‍ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടേയും അകമ്പടിയോടെ തിരുവാഭരണഘോഷയാത്ര ജനുവരി 12 ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. തിരുവാഭരണഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചശേഷം രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെയാണ് നട തുറക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10 ന് നട അടക്കും. നടക്കല്‍ തിരുവാതിര കളിയും പൂത്തിരുവാതിര ചടങ്ങുകളും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനത്തിനായി ക്ഷേത്ര നട തുറന്നിരിക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രസമിതി ഭാരവാഹികള്‍ പറഞ്ഞു.
ദര്‍ശനത്തിന് വെര്‍ച്ചല്‍ ക്യൂ സംവിധാനവും
പ്രധാന വഴിപാടുകളായ പട്ട്, പുടവ, ഇണപ്പുടവ, താലി, തൊട്ടില്, വാല്‍ക്കണ്ണാടി തുടങ്ങിയവ ദേവിക്ക് സമര്‍പ്പിക്കുന്നതിനും പുഷ്പാഞ്ജലികള്‍, ധാര തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനും ക്യൂവില്‍ തന്നെ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ക്യൂ കൂടാതെ മുന്‍കൂട്ടി ദര്‍ശന ദിവസവും സമയവും ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവും തയാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വെബ് സൈറ്റായ www.thiruvairanikkulamtemple.org സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. ഭക്തജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്കുന്നതിനുമായി പൊലീസ് സേനക്കുപുറമേ പൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളും വോളണ്ടിയര്‍മാരും ഉണ്ടാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കേരള പോലീസിന്റെ നേതൃത്വത്തിലാണ് ഗതാഗത നിയന്ത്രണം.ദര്‍ശനത്തിനുശേഷം പ്രധാന വഴിപാടുകളായ മഞ്ഞള്‍പ്പറ, എള്ള് പറ തുടങ്ങി യവ നിറക്കുന്നതിനും സൗകര്യമുണ്ടാകും. ദേവി പ്രസാദമായ അരവണ പായസം, അപ്പം, അവല് നിവേദ്യങ്ങള്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. പ്രസാദകിറ്റും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ അന്നദാന മണ്ഡപത്തില്‍ അന്നദാനം ഉണ്ടായിരിക്കും.
കെ.എസ്.ആർ.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും
കെ.എസ്.ആര്.ടി.സി ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോക ളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തും കൂടാതെ തീര്‍ത്ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്.ടി.സി യുടെ ദീര്‍ഘദൂര സര്‍വ്വീസുകളുമുണ്ടാകും. ഭക്തജനങ്ങളുടെ സുരക്ഷക്കായി പോലീസ്,ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമായിരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു സമീപത്തുള്ള മാറമ്പിള്ളി പി.എച്ച്.സിയിലും ശ്രീമൂലനഗരം എഫ്.എച്ച്.സിയിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് കുളിക്കുന്നതിനായി പെരിയാറിലെ ക്ഷേത്ര ആറാട്ട് കടവ് ഉപയോഗിക്കാവുന്നതാണ്. ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി ഭക്തര്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസിറ്റിക് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ക്ഷേത്രസമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
വാഹന പാര്‍ക്കിംഗിന് ആറ് ഗ്രൗണ്ടുകള്‍
ഭക്തജനങ്ങളെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി ക്ഷേത്രത്തിന്റെ 6 പാര്‍ക്കിംഗ് ഗ്രൗണ്ടുകളും സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടുകളും തയാറാക്കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്ന് വരുന്ന ബസ് പോലുള്ള വലിയ വാഹനങ്ങള്‍ ആലുവഅങ്കമാലി റോഡില്‍ ദേശം കവലയില്‍ നിന്നോ ആലുവ പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി റോഡിലെ മഹിളാലയം പാലത്തിലൂ ടെയോ തിരിഞ്ഞ് ശ്രീമൂലനഗരം വല്ലം റോഡില്‍ പ്രവേശിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരാം. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂര്‍, അങ്കമാലി എം.സി റോഡില്‍ വല്ലം ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞോ അല്ലെ ങ്കില്‍ കാലടിയില്‍ നിന്ന് ഇടത് വശത്തേക്ക് തിരിഞ്ഞോ ക്ഷേത്രത്തില്‍ എത്തി ച്ചേരാം. തെക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന ചെറു വാഹനങ്ങള്‍ക്ക് മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപര്‍ണ്ണിക പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. മാറമ്പിള്ളി പാലം വഴി വരുന്ന വലിയ വാഹനങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ സൗപര്‍ണ്ണിക പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം ആളുകളെ ഇറക്കിയതിനുശേഷം മാറമ്പിള്ളി പാലത്തിന് സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാര്‍കോഡ് അടങ്ങിയ ബുക്കിംഗ് രസീത് ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകളായ കൈലാസം, സൗപര്‍ണ്ണിക, തിരുവൈരാണിക്കുളം ജംഗ്ഷന് എന്നിവിടങ്ങളിലെ വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന് കൗണ്ടറില്‍ കാണിച്ച് ദര്‍ശന പാസ് വാങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്.