കൊച്ചി: സംരംഭക മേഖലയിലേക്ക് പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ടൈകോണ്‍ കേരള നല്‍കുന്ന അവസരം വളരെ വലുതെന്ന് സംസ്ഥാന റവന്യു മന്ത്രി കെ.രാജന്‍. കേരളം സംരംഭകത്വത്തില്‍ മുന്നേറുമ്പോള്‍ ഇത്തരം സമ്മേളനങ്ങള്‍ വഹിക്കുന്ന വലിയ പങ്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ‘ടൈകോണ്‍ കേരള 2024 ന്റെ സമാപന ദിവസം ടൈ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി പുതിയ സംരംഭകത്വ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ അവതരിപ്പിച്ച ഭൂപതിവ് ചട്ടമുള്‍പ്പെടെയുള്ള പുതിയ നയമാറ്റങ്ങളിലൂടെ കേരളം സംരംഭകര്‍ക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ അവതരിപ്പിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എട്ട് ഇന്‍ഡിക്കേഷനുകളും സ്വന്തമാക്കി വ്യവസായ സൗഹാര്‍ദ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തി. പരിസ്ഥിതി സൗഹാര്‍ദവും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കിക്കൊണ്ടുള്ള വ്യവസായിക ക്ലസ്റ്ററുകള്‍ ത്വരിതപ്പെടുത്തിയും പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിച്ചും സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ വളര്‍ത്തിയും കേരളം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിസ്റപ്ഷന്‍ എന്നു പറയുന്നത് വെറും സ്റ്റാര്‍ട്ടപ്പുകളിലോ യുവസംരംഭകത്വത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അത് ഒരു സംസ്ഥാനത്തിന്റെ പോളിസികളിലാണ് പ്രതിഫലിക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച തെലങ്കാന മുന്‍ ഐ.ടി, വ്യവസായ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി.രാമ റാവു പറഞ്ഞു. സംരംഭകത്വത്തെ സഹായിക്കുന്ന നയരൂപീകരണത്തിലാണ് ഡിസ്റപ്ഷന്‍ വരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനം സംരംഭകസൗഹൃദമാകണമെങ്കില്‍ സംരംഭകര്‍ തന്നെ സംരംഭങ്ങള്‍ക്കായി സ്വയം അനുമതികള്‍ നല്‍ക്കുന്ന നിലയിലേക്ക് എത്തണം. സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ അപകടകരമാകുന്നത് ഒരു സംരംഭം ആരംഭിച്ച് അത് സമൂഹത്തിനെതിരായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഫലങ്ങളിലോ പരിണമിക്കുമ്പോഴാണ്. എന്നാല്‍ സ്വയം അനുമതികള്‍ നല്‍കുന്നതോടൊപ്പം സംരംഭത്തിന്റെ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനും തയ്യാറാകണം.
തെലങ്കാനയില്‍ ഉള്ള പോളിസി ഇങ്ങനെയാണ്; ഒരു സംരംഭകന്‍ സംരംഭക അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ച് 15 ദിവസത്തിനുള്ളില്‍ 16ാം ദിവസം സ്വയം അനുമതി നല്‍കി സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട്പോകാം. ജനബാഹുല്യം നിറഞ്ഞ ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലേക്ക് അവസരങ്ങള്‍ തേടിപ്പോകുന്നതിന് പകരം കേരളത്തില്‍ തന്നെ സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. മെന്റര്‍ നെറ്റ് വര്‍ക്കും സര്‍ക്കാര്‍ സഹായവും ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികളിലൂടെ കേരളത്തിന് ഇത് എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആറ് വിഭാഗങ്ങളിലായാണ് ടൈ കേരള അവാര്‍ഡുകള്‍ വിതരണം ചെയ്തത്. അവാര്‍ഡുകള്‍- എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍: ഇവിഎം ഗ്രൂപ്പ് ഓഫ് കമ്പനീസ്(ഓട്ടോമൊബൈല്‍ ഡിവിഷന്‍) മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി; നെക്സ്റ്റ് ജെന്‍ എന്റര്‍പ്രണര്‍: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ്; ഇക്കോസിസ്റ്റം എനേബ്ലര്‍ അവാര്‍ഡ്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ (കെഎയു) അഗ്രി-ബിസിനസ് ഇന്‍കുബേറ്ററിന്റെ പ്രൊഫസറും മേധാവിയുമായ ഡോ. കെ.പി. സുധീര്‍; സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍: ഫ്‌ലെക്‌സിക്ലൗഡ് സഹസ്ഥാപകയും സിഇഒയുമായ അനൂജ ബഷീര്‍; സോഷ്യല്‍ ഇംപാക്ടര്‍ ഓഫ് ദി ഇയര്‍: ആക്രി ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ ജി. ചന്ദ്രശേഖര്‍; ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍: ഇന്‍ടോട്ട് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രജിത്ത് നായര്‍ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍ പറഞു.
മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ്, കാന്‍ പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത്, ടൈകോണ്‍ കേരള ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ അവാര്‍ഡ്‌സ് ചെയര്‍ വിനയ് കൈനഡി, ടൈ കേരള മുന്‍ പ്രസിഡന്റ് ദാമോദര്‍ അവനൂര്‍; ടൈ ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ മുരളി ബുക്കപട്ടണം, ടൈകേരള നിയുക്ത വൈസ് പ്രസിഡന്റ് ജീമോന്‍ കോര എന്നിവര്‍ സംസാരിച്ചു.