കൊച്ചി: ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 6 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (KAN). കൊച്ചിയില്‍ നടന്ന ടൈകോണ്‍ കേരള സമാപനദിന സമ്മേളനത്തിലായിരുന്നു 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടിംഗ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ക്യാപിറ്റല്‍ കഫെ’ പിച്ചിംഗ് സെഷനില്‍ പുതിയ സംരംഭങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപം കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കിയിരുന്നുവെന്ന് കേരള ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് (KAN) പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത് വ്യക്തമാക്കി. ടൈ കേരളയുടെ ഫണ്ടിംഗ് വിഭാഗമെന്ന നിലയില്‍, പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. സ്ഥാപകരും പ്രൊഫഷണലുകളും കുടുംബ ബിസിനസുകളും ഉള്‍പ്പെടെ ഞങ്ങളുടെ എഴുപതിലധികം അംഗങ്ങളടങ്ങുന്ന ശൃംഖല അത്തരം നൂതന സംരംഭകത്വ ആശയങ്ങളെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്ത്രീകളുടെ ആരോഗ്യം, സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചാ മേഖലകളില്‍ നിക്ഷേപം നടത്താനാണ് ഗഅച പദ്ധതിയിടുന്നതെന്നും അദ്ദേഹം വിശദമാക്കി. ഈ ഫണ്ടുകള്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ മൂല്യം നല്‍കുന്നതോടൊപ്പം വിപണിയില്‍ വര്‍ധിച്ചു വരുന്ന ആവശ്യകതകള്‍ നവീകരിക്കാനും പരിഹരിക്കാനും സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തരാക്കും.
ഇത്തരത്തില്‍ ഉയര്‍ന്ന അവസരങ്ങളുള്ള ഏഴ് സ്റ്റര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനാണ് കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് ഉദ്ദേശിക്കുന്നത്;എഐ അധിഷ്ഠിത ഇവന്റ് മാനേജ്‌മെന്റ് ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ‘പ്രീമാജിക്’, സ്ത്രീശുചിത്വത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഡി2സി ബ്രാന്‍ഡ് ആയ ‘ഫെമി സേഫ്’, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിലൂന്നിയ നൂട്രീഷന്‍ ബ്രാന്‍ഡ് ആയ ‘ ന്യൂട്രീസോ’, ഉ2ഇ റെഡി-ടു-കുക്ക് മീല്‍ പ്രൊവൈഡര്‍ – ‘കുക്ക്ഡ് ; ജീവനക്കാര്‍ക്കിടയിലെ ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും ഒപ്റ്റിമൈസ് ചെയ്യുന്ന എഐ അധിഷ്ഠിത വര്‍ക്ക്‌ഫോഴ്‌സ് ഷെഡ്യൂളിങ്ങ് ടൂള്‍ ആയ നിമ്പിള്‍-അപ്, ബിസിനസുകള്‍ക്ക് വെയര്‍ഹൗസിംഗുള്‍പ്പെടെയുള്ള ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ ലളിതമാക്കുന്ന ‘ക്വിക്ഷിഫ്റ്റ്’, ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കിയ മലയാളി സ്റ്റാര്‍ട്ടപ്പ് ‘റോഷ്.എഐ’ എന്നിവരാണ് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത്.
2020-ല്‍ ആരംഭിച്ചതുമുതല്‍ ഇന്ത്യയിലുടനീളമുള്ള 14 മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കാന്‍ നിക്ഷേസഹായം നല്‍കിയത്. ”സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പ്രാരംഭ ഘട്ട ഫണ്ടിംഗ് ഏറെ നിര്‍ണായകമാണ്. ഏഞ്ചല്‍ നിക്ഷേപകര്‍ കേവലം മൂലധനസഹായം മാത്രമല്ല നല്‍കുന്നത് – സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്തഘട്ടത്തിലേക്ക് വളരാന്‍ ആവശ്യമായ വൈദഗ്ധ്യവും മാര്‍ഗനിര്‍ദേശവും ബന്ധങ്ങളും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.