‘ടൈക്കോണ്‍ കേരള 2024’ സമ്മേളനത്തിന് തുടക്കം

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ‘ടൈക്കോണ്‍ കേരള 2024′ ന് കൊച്ചിയില്‍ തുടക്കമായി. ചരിത്രകാരനും സഞ്ചാര സാഹിത്യകാരനുമായ വില്യം ഡാല്‍റിംപിള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങളുള്ള സംരംഭകര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രാതീത കാലം മുതല്‍ വ്യവസായം, സംസ്‌കാരം, മതം എന്നിവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചൈന, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയുമായും കേരളവുമായും ഉണ്ടായിരുന്ന വ്യാപാര ബന്ധം ഇന്നും തുടരുന്നുണ്ട്. മുസിരിസ് അടക്കമുള്ള തുറമുഖങ്ങള്‍ ആഗോള ബിസിനസ് വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കി. ആഗോള വാണിജ്യ മേഖലയില്‍ ഇന്ത്യക്കും കേരളത്തിനും നിര്‍ണായക സ്വാധീനം ഇപ്പോഴും തുടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ട്രാന്‍സ്ഫോംഡ് ദി വേള്‍ഡ്’ എന്ന തന്റെ പുസ്തകത്തെ ആസ്പദമാക്കി നടത്തിയ മുഖ്യപ്രഭാഷണത്തിലും അദ്ദേഹം ഇന്ത്യയുടെ ചരിത്രവഴികള്‍ വിശദമാക്കി. ”ലോക വ്യാവസായ ചരിത്രത്തില്‍ മറ്റുള്ള രാജ്യങ്ങള്‍ക്കുള്ളത് പോലെ ഇന്ത്യയ്ക്ക് ഇല്ലാതെ പോയ പ്രാധാന്യത്തെ എടുത്തുകാട്ടാനുള്ള ഒരു ചരിത്രപഠന ശ്രമമാണ് ഞാന്‍ നടത്തിയത്. കച്ചവടത്തിലും സംസ്‌കാരത്തിലും ലോക ഭൂപടത്തില്‍ ഇന്ത്യ കടന്നു വന്ന കാലഘട്ടത്തെക്കാള്‍ എത്രയോ നാള്‍ മുമ്പ് കേരളം അതിന് വിത്ത് പാകിക്കഴിഞ്ഞതാണെന്നും’ വില്യം ഡാല്‍റിംപിള്‍ പറഞ്ഞു.

ലോകത്തെ ട്രേഡ് ക്യാപിറ്റലാകാന്‍ കെല്‍പ്പുള്ള രാജ്യമാണ് ഇന്ത്യയെന്നതാണ് തന്റെ ഗവേഷണങ്ങളിലൂടെ തനിക്ക് കണ്ടെത്താനായത്. അതാണ് തന്റെ പുസ്തകത്തിലൂടെ ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ലൈബ്രറികളിലെ ചരിത്ര പഠന പുസ്തകങ്ങളില്‍ കാണാന്‍ കഴിയാതെ പോയ പല ഏടുകളും ‘ദി ഗോള്‍ഡന്‍ റോഡ്’ എന്ന പുസ്തകത്തില്‍ കാണാം എന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിസം, ഹൈന്ദവത, ഇന്ത്യയുടെ അല്‍ഗോരിതം, അതില്‍ പ്രധാനമായും പൂജ്യത്തിന്റെ കണ്ടുപിടുത്തവും അതിന്റെ വ്യാപനവും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വ്യാവസായിക വികസനത്തിന് ഇന്ത്യ ചുക്കാന്‍ പിടിച്ച കാര്യങ്ങള്‍ നിരവധിയാണ്.

ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നു കാണുന്ന ചരിത്രപ്രധാനമായ പല പ്രദേശങ്ങളിലും ഇന്ത്യന്‍ സംസ്‌കാരം കാണാം. ക്ഷേത്രങ്ങളില്‍, വിവിധ ടൂറിസ്റ്റ് സ്പോട്ടുകളില്‍, ട്രേഡിംഗ് സംസ്‌കാരത്തില്‍ പിന്തുടരുന്ന രീതികളില്‍ എല്ലാം ഇന്ത്യയെ കാണാം, കേരളത്തെയും കാണാം. മലപ്പുറത്തെ ക്ഷേത്രവും ജാവയിലെ ക്ഷേത്രവും ഒരേ ഡിസൈന്‍ പങ്കുവയ്ക്കുന്നതില്‍ കേരളത്തിന്റെ പങ്ക് വ്യക്തമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ്, ‘ടൈകോണ്‍ കേരള 2024’ ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, കെഎസ്ഐഡിസി ചെയര്‍മാനും ടൈ സാഥാപക പ്രസിഡന്റുമായ സി ബാലഗോപാല്‍, ടൈ രാജസ്ഥാന്‍ പ്രസിഡന്റ് ഡോ. ഷീനു ജാവര്‍, ടൈ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് മേനോന്‍, ടൈ കേരള അസോസിയേറ്റ് ഡയറക്ടര്‍ ദിവ്യ തലക്കലാട്ട് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

 

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions