ഉമാ തോമസിന്റെ ആരോഗ്യ
സ്ഥിയില്‍ പുരോഗതി

uma thomas mla

മരുന്നുകളോടും ചികില്‍സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

 

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. മരുന്നുകളോടും ചികില്‍സയോടും പ്രതികരിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസം കൂടി വെന്റിലേറ്ററില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. തലച്ചോറിന്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിന്റെ ഭാഗമായി സെഡേഷന്റെ അളവ് കുറച്ചപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളോടും ഉമാ തോമസ് അനുകൂലമായി പ്രതികരിച്ചു.

ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം അവര്‍ കൈകാലുകള്‍ ചലിപ്പിച്ചു. മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തു. ഇത് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരിക്കിന്റെ ചികില്‍സയിലെ ആശാവഹമായ പുരോഗതിയാണ് വ്യക്തമാക്കപ്പെടുന്നത്. ശ്വാസകോശത്തിന്റെ അവസ്ഥയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും പരിക്ക് സാരമായി തുടരുകയാണ്. വാലിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും നാളുകള്‍ നീണ്ടു നില്‍ക്കുന്ന തീവ്രപരിചരണ ചികില്‍സയിലൂടെ മാത്രമെ ഭേദമാകുകയുള്ളുവെന്നും രോഗിയുടെ വൈറ്റല്‍സ് സ്‌റ്റേബിള്‍ ആണെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

കലൂര്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12000 നര്‍ത്തകര്‍ പങ്കെടുത്ത ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സമയത്താണ് സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും 15 അടിയോളം താഴ്ചയിലേക്ക് ഉമാ തോമസ് വീണത്. കോണ്‍ക്രീറ്റില്‍ തലയടിച്ചു വീണ ഉമാ തോമസിനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions