ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍

തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 14-ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസ്സിയേഷന്‍ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പ്, കിന്‍ഫ്ര , കെ.എസ്.ഐ.,ഡി.സി., എന്നിവയുടെയും എം.എസ്.എം.ഇ. മന്ത്രാലയം, ഭാരത സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള സംഘടിപ്പിക്കുന്നത്. കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും എക്‌സ്‌പോയുമായി സഹകരിക്കും.രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രമുഖരായ മെഷിനറി നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കേരളം, കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഷിന്‍ നിര്‍മ്മാതാക്കളും ചൈന, യു.കെ., യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജര്‍മ്മനി, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മെഷിന്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികളും മേളയില്‍ അണിനിരക്കും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, പ്രസന്റേഷനുകള്‍, പുതിയ ഉല്‍പന്നങ്ങളുടെ ഉദ്ഘാടനം , സംവാദങ്ങള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ബയര്‍ സെല്ലര്‍ മീറ്റീംഗുകള്‍, വെന്റര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുത്തും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെയും, ബിസിനസ്സ് വിപുലീകരണത്തിന് ലോണുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളുടെ ഹെല്‍പ്പ് ഡെസ്‌കുകള്‍ എക്‌സിബിഷനില്‍ സജ്ജീകരിക്കും. എം.എസ്.എം.ഇ. വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റാളുകള്‍ സജ്ജീകരിക്കും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കെ-ബിപ് എന്നിവ പ്രത്യേക പവലിയനുകള്‍ സജ്ജീകരിക്കും.

വ്യവസായ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളില്‍ മിക്കവയും ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത് കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നു കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍ പറഞ്ഞു. സംരംഭകര്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിലൂടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനും കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനായിരത്തിലധികം ട്രേഡ് സന്ദര്‍ശകര്‍ മേള സന്ദര്‍ശിക്കുമെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശീയരായ വ്യവസായികളെ ആഗോള വ്യാപാര ശൃംഖലയുമായി ബന്ധിപ്പിക്കുവാന്‍ വിവിധ പരിപാടികള്‍ മേളയില്‍ ആസൂത്രണം ചെയ്യും. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കി പരമാവധി പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളാവും എക്‌സിബിഷനില്‍ ഉപയോഗിക്കുകയെന്നും കെ.പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

വിവിധതരം റോബോട്ടുകള്‍, സെന്‍സറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുബന്ധ മെഷിനറികള്‍, കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, കാര്‍ഷിക മേഖലകളില്‍ ഉപയോഗപ്പെടുത്താവുന്ന അത്യന്താധുനിക മെഷിനിറികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം കേരളത്തിലെ വ്യവസായ ലോകത്തിന് സഹായകരമാകുമെന്നു ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ സി.ഇ.ഒ. സിജി നായര്‍ പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും പ്രവേശനം. സന്ദര്‍ശകരില്‍ നിന്നും നറുക്കെടുത്തു ഒരു ഭാഗ്യശാലിക്ക് ചൈനയില്‍ നടക്കുന്ന കാന്റോന്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിനുള്ള വിമാന യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കും.കൂടാതെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും മേള സന്ദര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്. കൊച്ചി കളമശ്ശേരി മെട്രോ സ്റ്റേഷന് മുന്നില്‍ നിന്നും എക്‌സിബിഷന്‍ സെന്ററിലേക്ക് മൂന്നു ദിവസങ്ങളിലും വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiie.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മൊബൈല്‍ – 9947733339/ 9995139933. കെ എസ് എസ് ഐ എ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഫസലുദീന്‍, സുനില്‍നാഥ്, കെ എസ് എസ് ഐ എ ന്യൂസ് എഡിറ്റര്‍ സലിം, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions