കേരളത്തില്‍ വേരുറപ്പിക്കാന്‍ കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

57 views 1 sec 0 Comments

കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നതെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഭാസ്‌കര്‍ റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും, നിലവിലുള്ളവ ഏറ്റെടുത്തുമാണ് കേരളത്തിലേക്കുള്ള വിപുലീകരണം പൂര്‍ത്തിയാക്കുക.നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നി അഞ്ച് സംസ്ഥാനങ്ങളിലായി 16ലധികം ആശുപത്രികളും 5000ല്‍ പരം കിടക്കകളും കിംസ് ഗ്രൂപ്പിനുണ്ട്. സംസ്ഥാനത്ത് ആദ്യ ചുവടുവെപ്പായി കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കൂടാതെ തൃശ്ശൂരിലെ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയുമായി ഓപറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ്‌ഫോര്‍ട്ടില്‍ വികസന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനകം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 800 കിടക്കകളുള്ള വലിയ ഹെല്‍ത്ത് സിറ്റികള്‍ സ്ഥാപിച്ച് കേരളത്തില്‍ പുതിയ ആശുപത്രികള്‍ ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ ചേരാനെല്ലൂരിലാണ് ആശുപത്രി ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആശുപത്രി തുടങ്ങാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ം കണ്ണൂരില്‍ എല്ലാവിധ സൗകര്യങ്ങളുള്ള ഓങ്കോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് കേന്ദ്രം സ്ഥാപിക്കുകയും തൃശ്ശൂരില്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 350 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കുകയും ചെയ്യും. ഭാവിയില്‍ തിരുവനന്തപുരം, കൊല്ലം,പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലും ഏറ്റെടുക്കലുകള്‍ നടത്തും. എല്ലാ യൂണിറ്റുകളും ‘അസറ്റ് ലൈറ്റ് മോഡല്‍ ‘ ആയിരിക്കും.

സാമ്പത്തികം തടസ്സമാകാതെ, സംസ്ഥാനത്തെ എല്ലാവര്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ. ഭാസ്‌കര്‍ റാവു പറഞ്ഞു.കിംസ് ഹോസ്പിറ്റല്‍സ് കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ നിലവാരം ഉയരുമെന്ന് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കിംസ് സിഇഒ ഡോ. ബി. അഭിനയ്, ഡയറക്ടര്‍ ഡോ. ശ്രീനാഥ് റെഡ്ഡി, കേരള ക്ലസ്റ്റര്‍ സിഎഫ്ഒ അര്‍ജുന്‍ വിജയകുമാര്‍, യൂണിറ്റ് ഹെഡ് ഡോ. ദില്‍ഷാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions