ടിഎന്‍പി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: പ്രമുഖ ഫ്രഞ്ച് ബിസിനസ് കണ്‍സല്‍ട്ടന്‍സി ടിഎന്‍പി ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു സൈബര്‍ ടവര്‍ രണ്ടിലെ പുതിയ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു.

ലുലു സൈബര്‍ ടവര്‍ രണ്ടില്‍ 12,563 ചതുരശ്രയടി സ്ഥലത്താണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യാ വന്‍കരയിലെ ടിഎന്‍പിയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തിക്കും. നിലവില്‍ 100 ജീവനക്കാരാണ് കൊച്ചി ഓഫീസിലുണ്ടാകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ എണ്ണം 250 ആക്കാനാണ് ഉദ്ദേശിക്കുന്നത്. 2028 ഓടെ സ്വന്തം ടിഎന്‍പി ടവര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.

മികച്ച ജീവിതനിലവാരം, തൊഴില്‍വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യത എന്നിവയാണ് ടിഎന്‍പിയുടെ ഓഫീസ് കൊച്ചിയില്‍ തുടങ്ങാനുള്ള കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ടിഎന്‍പി കണ്‍സല്‍ട്ടന്റ്‌സ് പ്രസിഡന്റ് ബെനുവ റാനിനി പറഞ്ഞു. 2027 ഓടെ 500 ജീവനക്കാരായി കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, ലുലു ടെക്പാര്‍ക്ക് സിഇഒ അഭിലാഷ് വലിയവളപ്പില്‍, ടിഎന്‍പി പാര്‍ട്ണര്‍ മാത്യു ലെബോ, ഇന്ത്യാ ഡയറക്ടര്‍ അരുണ്‍ സധീഷ്, ടിഎന്‍പി ഇന്റര്‍നാഷണല്‍ സിഎഫ്ഒ വരുണ്‍ കടയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions