ഇന്ത്യ ഏറ്റവും വലിയ റിയല്‍
എസ്റ്റേറ്റ് മേഖലയായി  മാറും :
മണി കോണ്‍ക്ലേവ് 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ എന്ന വിഷയത്തിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത്

 

കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്റ് ട്രസ്റ്റ് (റീറ്റ്) എന്ന് കൊച്ചിയില്‍ നടന്ന മണി കോണ്‍ക്ലേവ് ഉച്ചകോടിയില്‍ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നിലവിലെ വളര്‍ച്ചാ നിരക്ക് പരിഗണിച്ചാല്‍ 20 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമേഖലയായി ഇന്ത്യ മാറുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ എന്ന വിഷയത്തിലാണ് പാനല്‍ ചര്‍ച്ചകള്‍ നടന്നത്. റിയല്‍ എസ്റ്റേറ്റ് ദീര്‍ഘവീക്ഷണമുള്ളവര്‍ക്ക് വേണ്ടിയാണെന്ന് പാനലിസ്റ്റുകള്‍ ഓര്‍മ്മിപ്പിച്ചു. റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ രംഗത്ത് നിക്ഷേപിക്കുന്നതിനേക്കാള്‍ എളുപ്പമാണ് റീറ്റില്‍ നിക്ഷേപിക്കുന്നതെന്ന് സിബിആര്‍ഇ അഡൈ്വസറി ഹെഡ് റോമില്‍ ദുബേ പറഞ്ഞു. പതിനായിരം രൂപ കയ്യിലുള്ള ചെറുകിട നിക്ഷേപകര്‍ക്ക് പോലും മികച്ച ദീര്‍ഘകാല വരുമാനമാര്‍ഗ്ഗമായി ഇതിനെ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഭൂമി നിയമങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നികുതി, നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ഭാവിയിലെ ശക്തമായ സാമ്പത്തിക അടിത്തറയെ കാണിക്കുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ഹെഡ് ഗണേഷ് പരമേശ്വരന്‍ ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ട് കൂടി കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഡിമാന്‍ഡുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്ന നഗരങ്ങളില്‍ മുന്‍പന്തിയിലാണ് കൊച്ചിയുടെ സ്ഥാനമെന്ന് ടാറ്റ റിയാല്‍റ്റിയുടെ സിഇഒ സഞ്ജയ് ദത്ത് ചൂണ്ടിക്കാട്ടി.

നിക്ഷേപകരെന്ന നിലയില്‍ വലിയ നഗരങ്ങളുടെ ഉപഗ്രഹ നഗരങ്ങളില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വലിയ ലാഭം ലഭിക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീനിക് മുന്‍ സിഇഒ ഫാരിഖ് നൗഷാദ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.ആഗോള നിക്ഷേപം എന്ന വിഷയത്തില്‍ ബി സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ അക്കാദമിക് ഡീന്‍ ഫൈസല്‍ പി സെയ്ദ്, ആഷിഖ് ആന്‍ഡ് അസോസിയേറ്റ്സ് സ്ഥാപകന്‍ സിഎസ് ആഷിഖ്, പ്രൊഫൈല്‍ ബിസിനസ് സൊല്യൂഷന്‍സ് സഹസ്ഥാപക ഡോ. നസ്രിന്‍ മിഥിലാജ് തുടങ്ങിയവര്‍ സംസാരിച്ചു.

ബില്‍ഡിംഗ് എ റിസലിയന്റ് പോര്‍ട്ട്ഫോളിയോ എന്ന വിഷയത്തില്‍ ഹെഡ്ജ് ഇക്വിറ്റീസ് സിഎംഡി അലക്സ് കെ ബാബു, 360വണ്‍ വെല്‍ത്ത് പാര്‍ട്ണര്‍ ദീപക് വര്‍ഗീസ്, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് സ്ഥാപകന്‍ രാമകൃഷ്ണന്‍ ടിബി, അസറ്റ് ആന്‍ഡ് ട്രസ്റ്റ് പാര്‍ട്ണര്‍ ഷിഹാബ് മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

ക്രിപ്റ്റോ കറന്‍സി ആന്‍ഡ് ബ്ലോക്ക് ചെയിന്‍ എന്ന വിഷയത്തില്‍ വൈറൂട്ട്സ് സ്ഥാപകന്‍ ഡോ. സജീവ് നായര്‍, ഇന്ത്യ ആന്‍ഡ് ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഹെഡ് മന്‍ഹര്‍ ഗെയര്‍ഗ്രാറ്റ്, ബിറ്റ്സേവ് സ്ഥാപകന്‍ സാക്കില്‍ സുരേഷ്, ന്യൂ എര്‍ത്ത് ലാബ്സിന്റെ സിഇഒ ബുഷൈര്‍ എന്നിവരും സംസാരിച്ചു.

കേരളത്തില്‍ നിന്നുള്ള ആഗോള ബ്രാന്‍ഡുകള്‍ എന്ന വിഷയത്തില്‍ ഐഐസി ലക്ഷ്യ എംഡി ഓര്‍വെല്‍ ലയണല്‍, ഓപ്പണ്‍ സ്ഥാപകന്‍ അനീഷ് അച്യുതന്‍, ഹുറൂണ്‍ ഇന്ത്യ സ്ഥാപകന്‍ അനസ് റഹ്മാന്‍ ജുനൈദ്, എക്സ്പ്രസോ ഗ്ലോബല്‍ സിഇഒ അഫ്താബ് ഷൗക്കത്ത് പി വി, സ്റ്റാര്‍ട്ടപ്പ് കണ്‍സല്‍ട്ടന്റ് അഭിജിത് പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

സ്വന്തം ബ്രാന്‍ഡിലൂടെ സ്വയം ശാക്തീകരണം എന്ന പാനലില്‍ എഡാപ്ട് സിഇഒ ഉമര്‍ അബ്ദുസ്സലാം, ബിസ്‌കൂള്‍ ഇന്റര്‍നാഷണല്‍ സഹസ്ഥാപകന്‍ ജാബിര്‍ മാനിങ്കല്‍, സംരംഭക ഉപദേശകന്‍ ജിഷാദ് ബക്കര്‍ എന്നിവരും പങ്കെടുത്തു

Spread the love