‘മറുവശം’ ക്ലൈമാക്‌സ് ഗംഭീരം

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രത പറയുന്ന സിനിമയില്‍ ജീവിതത്തിന്റെ വിലയറിയാത്ത മയക്കുമരുന്നിനടിമപ്പെട്ട പുതുതലമുറയുടെ രീതികളും, അവയുണ്ടാക്കുന്ന അനന്തരഫലങ്ങളും സിനിമ വരച്ചു കാണിക്കുന്നു.

 

ജി.ആര്‍. ഗായത്രി

കഥാപാശ്ചാത്തലം കൊണ്ടും അഭിനയ മികവുകൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന സിനിമയാണ് മറുവശം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ പശ്ചാത്തലത്തില്‍ മികച്ച ക്ലൈമാക്‌സിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് ഈ സിനിമ. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രത പറയുന്ന സിനിമയില്‍ ജീവിതത്തിന്റെ വിലയറിയാത്ത മയക്കുമരുന്നിനടിമപ്പെട്ട പുതുതലമുറയുടെ രീതികളും, അവയുണ്ടാക്കുന്ന അനന്തരഫലങ്ങളും വരച്ചു കാണിക്കുന്നു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം ആണ് കഥ,തിരക്കഥ, സംവിധാനം, നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. അച്ഛനായി ജയശങ്കര്‍ കാരിമുട്ടത്തിന്റെ നായക കഥാപാത്രം തകര്‍ത്തഭിനയിച്ചിരിക്കുന്നു. മകളായി അതിഥി മോഹനും. ഷഹീന്‍ സിദ്ദിഖിന്റെ കഥാപാത്രം ആദ്യാവസാനം മികച്ചു നിന്നു.

ജയശങ്കര്‍ കാരിമുട്ടത്തിന്റെ സുരേന്ദ്രന്‍ എന്ന സെക്യൂരിറ്റി ജീവനക്കാരനായ കഥാപാത്രം കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. കുടുംബബന്ധങ്ങളെ വിലമതിക്കുന്ന ഏതൊരു സാധാരണക്കാരനും തോന്നുന്ന അനീതിയോടുള്ള പ്രതികരണമാണ് മികച്ച ക്ലൈമാക്‌സ് സമ്മാനിക്കുന്നത്. നീതി നടപ്പാക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ വൈകി നടപ്പാക്കുന്ന ഭരണസംവിധാനത്തോട് സാധാരണജനം എങ്ങനെ പ്രതികരിക്കുമെന്ന് അനുറാം തന്റെ സംവിധാനമികവിലൂടെ വരച്ചു കാണിച്ചിരിക്കുന്നു. ഇപ്പോള്‍ നാം കേള്‍ക്കുന്ന ലഹരി വിരുദ്ധ ചര്‍ച്ചകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു ചിത്രം തന്നെയാണ് മറുവശം.

മാത്രമല്ല യുവജനതയ്ക്ക് നല്ലൊരു സന്ദേശവും ഈ സിനിമ സമ്മാനിക്കുന്നുണ്ട്.എടുത്തു പറയേണ്ടത് മറുവശത്തിന്റെ പശ്ചാത്തല സംഗീതമാണ്. അജയ് ജോസഫ് ആണിത് നിര്‍വഹിച്ചിരിക്കുന്നത്. ഒട്ടനവധി പുതുമുഖങ്ങളെ കൊണ്ടും സിനിമ വ്യത്യസ്തത പകരുന്നു. പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, കൈലാഷ് എന്നിവരുടെ പ്രകടനവും കയ്യടി നേടുന്നു.രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യില്‍ ഫിലിം മാര്‍ക്കറ്റില്‍ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.അഥിതി മോഹന്‍ , അഖില്‍ പ്രഭാകരന്‍, സ്മിനു സിജോ, നദി ബക്കര്‍, റ്റ്വിങ്കിള്‍ ജോബി,ബോബന്‍ ആലുമ്മൂടന്‍, ക്രിസ്സ് വേണുഗോപാല്‍. ഹിസ്സാന്‍, സജിപതി, ദനില്‍ കൃഷ്ണ, സഞ്ജു സലിം പ്രിന്‍സ്. റോയ് .തുടങ്ങിയവരാണ് താരങ്ങള്‍.

Spread the love