കാലങ്ങളായി നിലനില്‍ക്കുന്ന ഭക്ഷണക്രമങ്ങളെ നിലവിലെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനര്‍മൂല്യ നിര്‍ണയം ചെയ്യാനുള്ള അഭിപ്രായങ്ങളാണ് ചര്‍ച്ചയില്‍ ഉടനീളം പ്രകടമായത്.
അഹമ്മദാബാദ്: കൊഴുപ്പുകളുടേയും പാം ഓയിലിന്റേയും ഉപയോഗത്തില്‍ ക്രമീകരണം അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) 100ാമത് ദേശീയ സമ്മേളനമായ നാറ്റ്‌കോണ്‍ 2025ലാണ് ആരോഗ്യ വിദഗ്ദര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .ഭക്ഷണ കൊഴുപ്പുകളും ഹൃദ്രോഗവും തമ്മിലുള്ള ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി പുതിയ പഠനങ്ങള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കാലങ്ങളായി നിലനിന്നിരുന്ന ചില ധാരണകള്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഇന്ത്യയിലുടനീളമുള്ള വിദഗ്ധരായ ആയിരക്കണക്കിന് ഡോക്ടര്‍മാരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുത്തു. പൊതുജനാരോഗ്യ കാഴ്ചപ്പാടുകളേയും ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങളേയും രൂപപ്പെടുത്തുന്ന വേദിയായി സമ്മേളനം മാറി.ഭക്ഷണത്തിലെ കൊഴുപ്പുകളും പാം ഓയിലും ഉണ്ടാക്കുന്ന കാര്‍ഡിയോ മെറ്റബോളിക് ഇടപെടലുകളുടെ ക്ലിനിക്കല്‍ തെളിവുകളും ആഗോള ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് വിദഗ്ധ സെക്ഷനുകളും ഡോ.വരുണ്‍ ബന്‍സാല്‍, ഡോ.കേതന്‍ മേത്ത എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളനത്തില്‍ വിശകലനം ചെയ്തു.
സംതൃപ്ത കൊഴുപ്പുകളും ഹൃദ്രോഗവും തമ്മില്‍ നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് നിലവിലുള്ള ധാരണകളെ ചോദ്യം ചെയ്ത് ഡോ. വരുണ്‍ ബന്‍സാല്‍ വിഷയം അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ഉദ്ധരിച്ച്, സംതൃപ്ത കൊഴുപ്പുകള്‍ എല്ലാം ഒരേ തരത്തിലുള്ളതല്ലെന്നും ഹൃദയാരോഗ്യത്തിലെ അപകടസാധ്യതയെ സ്വാധീനിക്കുന്നത് മൊത്തത്തിലുള്ള ഭക്ഷണരീതി, ജീവിതശൈലി, ആകെ കലോറി ഉപയോഗം തുടങ്ങിയ ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില കൊഴുപ്പുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കാമെങ്കിലും, ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ട്രാന്‍സ് ഫാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പാം ഓയില്‍ കൂടുതല്‍ അനുകൂലമായ ഫലങ്ങള്‍ കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലങ്ങളായി നിലനില്‍ക്കുന്ന ഭക്ഷണക്രമങ്ങളെ നിലവിലെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനര്‍മൂല്യ നിര്‍ണയം ചെയ്യാനുള്ള അഭിപ്രായങ്ങളാണ് ചര്‍ച്ചയില്‍ ഉടനീളം പ്രകടമായത്. ഹൃദയാരോഗ്യവും മെറ്റബോളിക് ആരോഗ്യവും സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ആഹാര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ശാസ്ത്രീയ സംവാദങ്ങള്‍ക്കുള്ള ഒരു തുറന്ന വേദിയായി ചര്‍ച്ചകള്‍ മാറി.

