കൊച്ചി മെട്രോ ജലപാത പദ്ധതിയുടെ മാതൃകയില്‍ ഗുവാഹത്തി ഉള്‍പ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളില്‍ ജലപാതകള്‍ ആരംഭിക്കാന്‍ തീരുമാനമായി.
കൊച്ചി: നദീതീര കമ്മ്യൂണിറ്റി വികസന പദ്ധതിയുടെ ഭാഗമായി ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ കൊച്ചി മെട്രോ ജലപാത പദ്ധതിയുടെ മാതൃകയില്‍ ഗുവാഹത്തി ഉള്‍പ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളില്‍ ജലപാതകള്‍ ആരംഭിക്കാന്‍ തീരുമാനമായി. തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ജലപാതകളുടെ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) സംഘടിപ്പിച്ച ഐഡബ്ല്യുഡിസിയുടെ രണ്ടാമത്തെ യോഗത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, നദീതട ആവാസവ്യവസ്ഥയ്‌ക്കൊപ്പം വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക, നൈപുണ്യ സമ്പുഷ്ടീകരണ പരിശീലനങ്ങള്‍ നല്‍കുക, ദേശീയ ജലപാതകളുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള ശ്രമത്തില്‍ കമ്മ്യൂണിറ്റികളുടെ നദിയെക്കുറിച്ചുള്ള പരമ്പരാഗത അറിവ് നവീകരിക്കുക എന്നിവയിലൂടെ തീരദേശ സമൂഹങ്ങളുടെ സാമൂഹികസാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തുന്നതിന് റിവര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സ്‌കീം രൂപത്തില്‍ ഒരു പ്രധാന നയ സംരംഭം ഐഡബ്ല്യുഡിസിയില്‍ അവതരിപ്പിച്ചു.
ഉള്‍നാടന്‍ ജലപാതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വശങ്ങളെക്കുറിച്ച് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും നടത്തിയ ചര്‍ച്ചകളുടെ ഫലമാണ് പുതിയ തീരുമാനമെന്ന് സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ജലഗതാഗത ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിനായി 1400 കോടിയിലധികം രൂപ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ ഐഡബ്ല്യുഡിസിയില്‍ കേന്ദ്രമന്ത്രി അനാച്ഛാദനം ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ക്രൂയിസ് ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനായി 10 സീ ക്രൂയിസ് ടെര്‍മിനലുകള്‍, 100 റിവര്‍ ക്രൂയിസ് ടെര്‍മിനലുകള്‍, അഞ്ച് മറീനകള്‍ എന്നിവ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ‘ക്രൂയിസ് ഭാരത് മിഷന്‍’ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.