മെയ് 15 മുതല്‍ 19 വരെ നെല്ലിമോളത്തിനടുത്തുള്ള ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്കേറ്റിംഗ് അക്കാദമിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
കൊച്ചി : എട്ടാമത് റാങ്കിംഗ് ഓപ്പണ്‍ നാഷണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് പെരുമ്പാവൂര്‍ ആതിഥേയത്വം വഹിക്കും. മെയ് 15 മുതല്‍ 19 വരെ നെല്ലിമോളത്തിനടുത്തുള്ള ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്കേറ്റിംഗ് അക്കാദമിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷനും എറണാകുളം ജില്ലാ അസോസിയേഷനും സംയുക്തമായാണ് ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഒരു ദേശീയ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.മെയ് 16ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 2000ത്തോളം റോളര്‍ സ്കേറ്റിംഗ് താരങ്ങള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.
12 വയസ്സുവരെയുള്ളവര്‍ കേഡറ്റ്സ് വിഭാഗത്തിലും, 12 മുതല്‍ 15 വരെ സബ് ജൂനിയര്‍ വിഭാഗത്തിലും, 15 മുതല്‍ 18 വരെ ജൂനിയര്‍ വിഭാഗത്തിലും, 18 വയസ്സിന് മുകളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമായി മത്സരിക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തും. മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 13, 14 തീയതികളില്‍ മത്സരാര്‍ത്ഥികള്‍ക്ക് ട്രാക്കില്‍ പരിശീലനം നടത്താന്‍ അവസരവുമുണ്ട്.
കേരളത്തിലെ ആദ്യ റോഡ് സര്‍ക്യൂട്ട്, 200 മീറ്റര്‍ പിയു സിന്തറ്റിക് ബാംഗ്ഡ് ട്രാക്കാണ് (വളവില്‍ ചെരിഞ്ഞ പ്രതലം) ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്കേറ്റിംഗ് അക്കാദമിയിലേത്. നിരപ്പായ പ്രതലമല്ലാത്തതിനാല്‍ സ്കേറ്റിംഗ് സമയത്ത് സ്പീഡ് കുറയ്ക്കാതെ തന്നെ നിയന്ത്രണം കൈവരിക്കുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സെബാസ്റ്റ്യന്‍ പ്രേം വൈസ് പ്രസിഡന്റ്, റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ, നുരാജ് പൈങ്ങാവില്‍ ആര് സെക്രട്ടറി ഇന്‍ ചാര്‍ജ്, കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന് സിയാദ് കെ.എസ്. സ്കേറ്റിംഗ് പരിശീലകന്, ഏഷ്യാഡ്സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്കേറ്റിംഗ്അക്കാദമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.