കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഊര്‍ജിത ശ്രമങ്ങളുടെ
ഭാഗമായുള്ള സിയാലിന്റെ പുതിയ സംരംഭമായ ‘ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ ഡിസംബര്‍ 28 ന് തുറക്കും. രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
യാത്രക്കാര്‍ക്ക് പരമാവധി സേവനങ്ങള്‍ ഒരുക്കാനും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സിയാല്‍ നടപ്പിലാക്കിവരുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോള്‍ താജ് ഹോട്ടല്‍ സമുച്ചയം ഉദ്ഘാടന സജ്ജമാക്കുന്നത്. മാസ്റ്റര്‍ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാല്‍ പണികഴിപ്പിച്ച ഹോട്ടല്‍, തുടര്‍നിക്ഷേപ/ നടത്തിപ്പിനായി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.സി.എല്‍)താജ് ഗ്രൂപ്പിനെ ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തുകയായിരുന്നു.
ടെര്‍മിനലുകളില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലേയ്ക്ക് ലാന്‍ഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റണ്‍വേയും മറുവശത്ത് ഹരിതാശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികള്‍, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍, ബാങ്ക്വെറ്റ് ഹാളുകള്‍, ബോര്‍ഡ് റൂമുകള്‍, പ്രീഫംഗ്ഷന്‍ ഏരിയ, സിമ്മിംഗ് പൂള്‍, വിസ്തൃതമായ ലോബി, ബാര്‍, ഫിറ്റ്നസ് സെന്റര്‍ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ കൊച്ചി വിമാനത്താവള താജ് ഹോട്ടലിലുണ്ട്. താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്ററന്റ് (24 മണിക്കൂര്‍), ഹൗസ് ഓഫ് മിംഗ് എന്നിവ രൂചി സമൃദ്ധി ഒരുക്കുന്നു.
4 ഏക്കറില്‍ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലിന് കാര്‍ പാര്‍ക്കിങ് വിശാലമായ സ്ഥലവുമുണ്ട്. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബ് എന്ന നിലയിലേയ്ക്ക് വളരാനുള്ള സിയാലിന്റെ ശ്രമങ്ങള്‍ക്ക് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ അടിവരയിടുന്നുവെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സിയാലിന്റെ എസ്.സുഹാസ പറഞ്ഞു. മാസറ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കപ്പെടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. നിലവില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ സിയാലില്‍ എത്തുന്നുണ്ട്. മൂന്നുവര്‍ഷത്തിനകം അത് ഒന്നേകാല്‍ കോടിയാകും. ട്രാഫിക് വര്‍ധിക്കുന്നതിന് അനുസരിച്ച് യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനവും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.