ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ആരംഭിച്ച ആദ്യത്തെ അത്യാധുനിക ഇന്റഗ്രേറ്റഡ് ഡയഗ്നോസ്റ്റിക്സ് സെന്റര്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉദ്ഘാടനം ചെയ്തു.
കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന ഡയഗ്നോസ്റ്റിക് ശൃംഖലകളിലൊന്നായ ന്യൂബെര്‍ഗ് പള്‍സ് ഡയഗ്നോസ്റ്റിക്സ് ജാര്‍ഖണ്ഡിലുടനീളം ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 100 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ആരംഭിച്ച ആദ്യത്തെ അത്യാധുനിക ഇന്റഗ്രേറ്റഡ് ഡയഗ്നോസ്റ്റിക്സ് സെന്റര്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉദ്ഘാടനം ചെയ്തു. ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജി. എസ്. കെ. വേലു, ന്യൂബെര്‍ഗ് പള്‍സ് ഡയഗ്നോസ്റ്റിക്സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുനൈന ബിഹാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള പള്‍സ് ഡയഗ്നോസ്റ്റിക്സുമായി ധാരണയിലെത്തി. റാഞ്ചിയിലെ ഹാര്‍മു കോളനിയിലെ എം.എസ്. ധോണിയുടെ മുന്‍ വസതിയിലാണ് ന്യൂബെര്‍ഗ് പള്‍സ് ഡയഗ്നോസ്റ്റിക്സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
പതോളജി, റേഡിയോളജി, ന്യൂക്ലിയര്‍ മെഡിസിന്, കാര്‍ഡിയോളജി, ഗ്യാസ്ട്രോഎന്ററോളജി എന്നിവ കൂടാതെ എംആര്‍ഐ, സിടി, പിഇടിസിടി, ഡിജിറ്റല്‍ & പോര്‍ട്ടബിള്‍ എക്സ്റേ, അഡ്വാന്‍സ്ഡ് സോണോഗ്രാഫി, എന്‍ഡോസ്കോപ്പി, കൊളോനോസ്കോപ്പി, 4 ഡി അള്‍ട്രാസൗണ്ട്, മാമോഗ്രാഫി, 2 ഡി എക്കോ, ഇസിജി, ഇഇജി, ഇഎംജി, സ്പെഷ്യാലിറ്റി ടെസ്റ്റുകളടക്കം 6,000ല്‍പ്പരം ടെസ്റ്റുകളും ഇവിടെ നടത്തുന്നു.റാഞ്ചിയില്‍ ന്യൂബെര്‍ഗ് പള്‍സിന്റെ ഇന്റഗ്രേറ്റഡ് ഡയഗ്നോസ്റ്റിക്സ് സെന്റര്‍ ആരംഭിച്ചതോടെ പതിവ് പ്രതിരോധ പരിശോധനകള്‍ മുതല്‍ നൂതന പാതോളജി, റേഡിയോളജി വരെയുള്ള ലോകോത്തര ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കായി മിതമായ നിരക്കില്‍ നല്കാന് കഴിയുമെന്ന് ഡോ. ജി.എസ്.കെ വേലു പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണിയുടെ മുന്‍ വസതിയില്‍ ഈ കേന്ദ്രം ആരംഭിക്കുന്നതിലും, ഈ സംരംഭത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കാളിയാകുന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യാത്ര ആരംഭിച്ച സ്ഥലത്ത് അത്യാധുനിക ചികിത്സാ കേന്ദ്രം കാണുന്നത് അഭിമാനകരമായ നിമിഷമാണെന്നും ന്യൂബെര്‍ഗ് പള്‍സുമായുള്ള സഹകരണം ഏറെ ആഹ്ലാദകരമാണെന്നും എം എസ് ധോണി പറഞ്ഞു.

