എം.എസ്.എം.ഇകള്‍ കേരള സമ്പദ് വ്യസ്ഥയുടെ നട്ടെല്ല്: മന്ത്രി എ.കെ ശശീന്ദ്രന്‍
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍ ‘ ഇന്‍ഡെക്‌സ് 2025 ‘ ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ എം.എസ്.എം.ഇ മേഖലയില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നതെന്നും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എം.എസ്. എം.ഇ കളെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോവിഡിനു ശേഷം കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതില്‍ എം.എസ്.എം.ഇകള്‍ വലിയ പങ്കാണ് വഹിച്ചത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന മേഖലയായി എം.എസ്.എം.ഇകള്‍ മാറിക്കഴിഞ്ഞു. നഗരകേന്ദ്രീകൃത സമ്പദ്ഘടനയുടെ വളര്‍ച്ച ഗ്രാമീണ മേഖലയിലേക്ക് വേണ്ടത്ര രീതിയില്‍ വന്നിട്ടില്ല. ഗ്രാമീണ പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതില്‍ എം.എസ്.ഇകള്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലെന്നാണ് മനസിലാകുന്നതെന്നും ഇത് പരിഹരിക്കാന്‍ കുടുതല്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.എന്‍.ഐ.ഡി.സി.സി വൈസ് ചെയര്‍പേഴ്‌സണ്‍ ഗൗരി വത്‌സ അധ്യക്ഷത വഹിച്ചു. ക്യൂബന്‍ അംബാസിഡര്‍ ജുവന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേറ,ഫിജി അംബാസിഡര്‍ ജഗന്നാഥ് സമി, എന്‍. ഐ.ഡി.സി ചെയര്‍മാന്‍ കെ. ജയരാമന്‍,
എന്‍.ഐ.ഡി.സി.സി ലെന്റിംഗ് പാര്‍ടണറും ഐസിഎല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡിയുമായ അഡ്വ. കെ.ജി അനില്‍കുമാര്‍, എന്‍.ഐ.ഡി സി.സി ഡെപ്യൂട്ടി ഡയറക്ടര്‍ സോണിയ സെബാസ്റ്റ്യന്‍, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഹരീഷ് ബി നായര്‍, എന്‍.ഐ.ഡി.സി.സി അഡ്മിനിസ്‌ട്രേറ്റര്‍ എസ്. വാസുദേവ് തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സിബിഷന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്ന സ്റ്റാളുകളുടെ ഉദ്ഘാടനം റോജി. എം. ജോണ്‍ എംഎല്‍.എ നിര്‍വ്വഹിച്ചു. എന്‍.ഐ.ഡി.സി ദേശീയ ചെയര്‍മാന്‍ കെ.ജയരാമന്‍ സംസാരിച്ചു. തുടര്‍ന്ന് സജീവ് നായരുടെ നേതൃത്വത്തില്‍ വിവിധ പരിശീലന പരിപാടികളും നടന്നു. വ്യവസായ പുരോഗതിക്കായി നൂതന സാങ്കേതിക വിദ്യയോടെ രൂപീകരിച്ച ‘ ഇന്‍ഡ് ആപ്പ് ന്റെ ലോഞ്ച് ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി നിര്‍വ്വഹിക്കും.