നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ: പ്രഖ്യാപനം നടത്തി ജെയിന്‍ യൂണിവേഴ്‌സിറ്റി 

ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ്  പ്രഖ്യാപനം നടത്തിയത്.
കൊച്ചി: ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രവേശന നടപടിക്കൊപ്പം നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ നിര്‍ബന്ധമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പി.വി.സി ഡോ. ജെ ലത എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. എംപൂരാന്‍ ചലച്ചിത്ര ടീം അംഗങ്ങളായ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത ഡ്രോണ്‍ ഷോയും സംഘടിപ്പിച്ചു.

ലഹരി ശൃംഖല തകര്‍ക്കുന്ന ഉരുക്കു കരത്തിന്റെ രൂപത്തില്‍ 250 ഓളം ഡ്രോണുകള്‍ ആകാശത്തു വിരിഞ്ഞ വിസ്മയക്കാഴ്ച്ചയ്ക്ക് കൊച്ചി സാക്ഷിയായി.  യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഇന്‍ഫോപാര്‍ക്ക് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപയിന്റെ പോസ്റ്റര്‍ എസ്.എച്ച്.ഒ ജെ.എസ് സജീവ് കുമാര്‍, ബീറ്റ് ഓഫീസര്‍ ബൈജു പി വര്‍ഗീസ് എന്നിവരില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി ഏറ്റവും കൂടുതലാളുകളെ പങ്കെടുപ്പിച്ച് ഒരു യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടത്തിയ ഡ്രോണ്‍ ഷോയ്ക്കുള്ള ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സും ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോഡ് നേട്ടവും പരിപാടിക്ക് ലഭിച്ചു.പ്രവേശന വേളയില്‍ ലഹരി ഉപയോഗിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങുന്നതിലൂടെ ക്യാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്തം, ലീഡര്‍ഷിപ്പ്, സത്യസന്ധത എന്നീ മൂല്യങ്ങള്‍ ഉറപ്പാക്കുവാനും സര്‍വകലാശാലയ്ക്ക് കഴിയുമെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു