ഒരു ഓര്‍ത്തോപീഡിക് സൊസൈറ്റി യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ അക്കാദമിയാണിത്
കൊച്ചി: അസ്ഥി ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ക്കായി അക്കാദമി ഓഫ് കഡാവെറിക് ട്രെയിനിങ്ങ് കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി ചാലക്കയിലെ ശ്രീ നാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി സഹകരിച്ചാണ് അക്കാദമി ആരംഭിച്ചിട്ടുള്ളത്. ഒരു ഓര്‍ത്തോപീഡിക് സൊസൈറ്റി യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ അക്കാദമിയാണിത്.ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ വിദ്യാഭ്യാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് അക്കാദമി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. രാജീവ് രാമന്‍ പറഞ്ഞു.രോഗികളില്‍ നടത്തേണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ മൃതശരീരത്തില്‍ പരിശീലനം നടത്തി വൈദഗ്ധ്യം നേടുന്നതിന് അക്കാദമി സഹായിക്കും.ഉയര്‍ന്ന അപകടസാധ്യതയുള്ളതും അടിയന്തരവുമായ ശസ്ത്രക്രിയകളില്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് ഇത് ഏറെ ഉപയോഗപ്രദമാകുമെന്ന് ഡോ രാജീവ് രാമന്‍ പറഞ്ഞു.
ഇവിടുത്തെ പ്രായോഗിക പരിശീലനം ശസ്ത്രക്രിയയുടെ കൃത്യത വര്‍ദ്ധിപ്പിക്കാനും ചികിത്സാ ഫലങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജോണ്‍ ടി ജോണ്‍ പറഞ്ഞു.സിമുലേഷന്‍, സിന്തറ്റിക് മോഡലുകള്‍ എന്നിവ ഉപയോഗിച്ചുള്ള പഠനത്തേക്കാള്‍ സ്വാഭാവികമായും ഏറെ മുന്നിലാണ് മൃതശരീരം ഉപയോഗിച്ചുള്ള ശസ്ത്രകിയാ പഠനം.ഉപരിപഠനത്തിനും, പുതിയ സര്‍ജന്‍മാര്‍ക്കും മതിയായ പരിശീലനം ഇതുവഴി സാധ്യമാകുമെന്ന് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി എ. സി.ടി ചെയര്‍മാന്‍ ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു.അത്യാഹിതങ്ങള്‍ വഴിയുണ്ടാവുന്ന സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് പലപ്പോഴും ഒന്നിലധികം ഒടിവുകളോ ഗുരുതരമായ സന്ധി പരിക്കുകളോ ഉണ്ടാവാം.മൃതദേഹങ്ങളില്‍ ശസ്ത്രക്രിയ പരിശീലിക്കുന്നത് അത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കാനും , ഓപ്പറേറ്റിംഗ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ശസ്ത്രക്രിയാ വിദഗ്ധനെസഹായിക്കുമെന്ന് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കല്‍ പറഞ്ഞു.
പുതിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, ഇംപ്ലാന്റുകള്‍ എന്നിവ പരീക്ഷിക്കുന്നതിനും പരിശീലന കേന്ദ്രം ഉപയോഗിക്കും. കൃത്യത ഏറെ നിര്‍ണായകമായ ആര്‍ത്രോസ്‌കോപ്പി, സന്ധി, നട്ടെല്ല് എസിവയ്ക്ക് കീ ഹോള്‍ വഴിയുള്ള ശസ്ത്രക്രിയകള്‍ പഠിപ്പിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കും, ഡോ.ജിസ് ജോസഫ് പറഞ്ഞു.കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ (കെ.ഒ.എ) പ്രസിഡന്റ് ഡോ. ശ്രീനാഥ് കെ ആര്‍, കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജോണ്‍ ടി ജോണ്‍ ;സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കല്‍; ട്രഷറര്‍ ഡോ. ജോയ്‌സ് വര്‍ഗീസ് എം ജെ; കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി എ സി.ടി ചെയര്‍മാന്‍ ഡോ. ആര്‍. വേണുഗോപാല്‍; ശ്രീ നാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഇന്ദിരാ കുമാരി; ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ സജീവ ബാബു കൊമ്പാറ; ശ്രീ നാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് വിന്‍സെന്റ്; ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മഞ്ജുഷ. കെ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.അക്കാദമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 25 യുവ ഓര്‍ത്തോപീഡിക് സര്‍ജന്‍മാര്‍ക്കായി ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്ലാസ്റ്റി എന്നിവയില്‍ രണ്ട് ദിവസത്തെ കഡാവെറിക് വര്‍ക്ക്‌ഷോപ്പും നടന്നു.