കൊച്ചി: മലയാള സിനിമയുടെ അഭിമാന താരങ്ങളായ പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, കനി കുസൃതി, നീരജ് മാധവ് എന്നിവര്‍ക്ക് ഒടിടിപ്ലേ 2025 അവാര്‍ഡ്‌സില്‍ അംഗീകാരം. മുംബൈ ജെഡബ്ലിയു മാരിയറ്റില്‍ നടന്ന ഒടിടിപ്ലേ 2025 അവാര്‍ഡ്‌സില്‍, മികച്ച ഒടിടി പ്രകടനങ്ങള്‍ക്കാണ് അംഗീകാരം.ഒടിടിപ്ലേ അവാര്‍ഡിന്റെ മൂന്നാം പതിപ്പില്‍ വെര്‍സറ്റൈല്‍ പെര്‍ഫോര്‍മര്‍ ഓഫ് ദി ഇയര്‍ ആയി കനി കുസൃതിയെ തിരഞ്ഞെടുത്തു. കനിയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം നേരത്തെ പല അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിരുന്നു.
ഗേള്‍സ് വില്‍ ബി ഗേള്‍സ്, പോച്ചര്‍, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ തുടങ്ങിയവയിലെ കനിയുടെ പ്രകടനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.മനോരഥങ്ങളിലെ പ്രകടനത്തിലൂടെ പാര്‍വതി തിരുവോത്ത് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡും സ്വന്തമാക്കി. പോച്ചര്‍ സീരീസിലൂടെ നിമിഷ സജയന്‍ വെബ് സീരീസിലെ മികച്ച നടിക്കുള്ള അവാര്‍ഡും നേടി. നിമിഷയുടെ കൂടെ ഡബ്ബാകാര്‍ട്ടല്‍ എന്ന വെബ് സീരീസില്‍ അഭിനയിച്ച ജ്യോതികയാണ് നടിക്ക് അവാര്‍ഡ് സമ്മാനിച്ചത്. ഫാമിലിമാന്‍ സീരീസിന്റെ ആദ്യ സീസണിലൂടെ തന്റെ ഒടിടി അരങ്ങേറ്റം ഗംഭീരമാക്കിയ നീരജ് മാധവ്, മലയാളത്തിലെ തന്റെ ആദ്യ സീരീസായ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനിലെ അഭിനയത്തിനാണ് ബെസ്റ്റ് ആക്ടര്‍ ഇന്‍ എ കോമഡി അവാര്‍ഡിന് അര്‍ഹനായത്. ബെസ്റ്റ് ആക്ടര്‍ മെയില്‍ (പോപ്പുലര്‍) അവാര്‍ഡ് മനോജ് ബാജ്‌പേയി നേടിയപ്പോള്‍, മികച്ച കോമഡി വിഭാഗത്തിലെ പുരസ്‌കാരം പ്രിയാമണിയും നേടി. രാജ്യത്തെ ഏറ്റവും മികച്ച സിനിമസീരീസ് പ്രകടനങ്ങളെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രധാന പാന്‍ഇന്ത്യ പുരസ്‌കാരമാണ് ഒടിടിപ്ലേ അവാര്‍ഡ്‌സ്.