സിംബാവേ വ്യവസായ മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം പെരുമ്പാവൂരിലെ പവിഴം അരി ഉല്‍പ്പാദന ഫാക്ടറി സന്ദര്‍ശിക്കുകയും ട്രേഡ് കമ്മീഷണര്‍ ബൈജു മോഹന്‍ കുമാര്‍ ഇതു സംബന്ധിച്ച ക്ഷണപത്രം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണിക്ക് കൈമാറുകയും ചെയ്തു.
കൊച്ചി: സിംബാവേയില്‍ 5000 ല്‍ പരം ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിക്കാന്‍ രാജ്യത്തെ പ്രമുഖ അരി ഉല്ലാദകരായ പവിഴം ഗ്രൂപ്പിന് സിംബാവേ സര്‍ക്കാരില്‍ നിന്നും ക്ഷണം ലഭിച്ചു.
ഇതിന്റെ ഭാഗമായി സിംബാവേ വ്യവസായ മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം പെരുമ്പാവൂരിലെ പവിഴം അരി ഉല്‍പ്പാദന ഫാക്ടറി സന്ദര്‍ശിക്കുകയും ട്രേഡ് കമ്മീഷണര്‍ ബൈജു മോഹന്‍ കുമാര്‍ ഇതു സംബന്ധിച്ച ക്ഷണപത്രം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണിക്ക് കൈമാറുകയും ചെയ്തു. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ, കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായ ഉണ്ണികൃഷ്ണന്‍, മെമ്പര്‍ എം ഒ ജോസ്, പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ പി ജോര്‍ജ്,ഡയറക്ടര്‍മാരായ റോയ് ജോര്‍ജ്, ഗോഡ് വിന്‍ ആന്റണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മട്ട അരി ഉല്‍പ്പാദകരായ പവിഴം കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി നടത്തുന്ന ഇടപെടലുകള്‍, സംഭാവനകള്‍, ഗവേഷണം എന്നിവ പരിഗണിച്ചാണ് നെല്‍കൃഷി ആരംഭിക്കാനായി ഗ്രൂപ്പിനെ ഞങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ചതെന്ന് സിംബാവേ വ്യവസായ മന്ത്രി രാജേഷ് കുമാര്‍ മോഡി അറിയിച്ചു.സിംബാവേ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായും തുടര്‍ ചര്‍ച്ചകളും സിംബാവേയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നെല്‍വിത്ത്, മണ്ണിന് അനുയോജ്യമായ വളം, യന്ത്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള പഠനങ്ങളും ഉടനെ ആരംഭിക്കുമെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ നെല്‍കൃഷി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയര്‍മാന്‍ എന്‍ പി ജോര്‍ജ്ജും എം ഡി എന്‍ പി ആന്റണിയും പറഞ്ഞു. രാജ്യത്തു ആദ്യമായാണ് ഒരു അരി ഉല്പാദന സ്ഥാപനത്തിന് വിദേശ രാജ്യത്തു നിന്നും ഇത്തരത്തിലുള്ളൊരു അവസരം ലഭിക്കുന്നത്.