അധ്വാനവും സമയവും കുറച്ച്, ഇലകളില്‍ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതല്‍ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദര്‍ശനം തെളിയിച്ചു.
കൊച്ചി: പൈനാപ്പിള്‍ കൃഷിയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആര്‍ഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിള്‍ ഇലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദര്‍ശനം കര്‍ഷകര്‍ക്ക് നവ്യാനുഭവമായി. ഡ്രോണ്‍ ഉപയോഗത്തിലൂടെ കൃഷിയില്‍ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയില്‍ കെവികെ നടത്തിയ പ്രദര്‍ശനം.
മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂര്‍ന്ന് തിങ്ങി വളരുന്ന പൈനാപ്പിളില്‍ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. എന്നാല്‍, അധ്വാനവും സമയവും കുറച്ച്, ഇലകളില്‍ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതല്‍ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദര്‍ശനം തെളിയിച്ചു.120 ദിവസം പ്രായമായ പൈനാപ്പിളുകളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.
ഒരു ഹെക്ടര്‍ കൃഷിയിടത്തില്‍ 34 ലിറ്റര്‍ ജലം മാത്രമുപയോഗിച്ച് 1.7 കി.ഗ്രാം എന്‍.പി.കെ മിശ്രിതം പ്രയോഗിക്കുവാന്‍ ഡോണിനു കഴിഞ്ഞു. പരമ്പരാഗതരീതിയെ അപേക്ഷിച്ച് 300 ലിറ്റര്‍ വരെ വെള്ളം ഇതിലൂടെ കുറക്കാനായി. ഈ ദൗത്യത്തിന് വെറും 16 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. എന്നാല്‍, ഇടതൂര്‍ന്നതും മുള്ളുകള്‍ നിറഞ്ഞതുമായ വാഴക്കുളം പൈനാപ്പിള്‍ കൃഷിയില്‍ സാധാരണ രീതിയില്‍ തൊഴിലാളികളെ വെച്ച് വളപ്രയോഗം നടത്തുന്നതിന് മൂന്ന് ദിവസം ആവശ്യമാണ്.
തൊഴില്‍ദിനങ്ങള്‍ ഗണ്യമായി കുറച്ചും വളര്‍ച്ചാക്ഷമത കൂട്ടിയും വാഴക്കുളം പൈനാപ്പിളിന്റെ ഉല്‍പാദന ചിലവ് കുറക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് പ്രദര്‍ശനത്തില്‍ ബോധ്യമായി. കൂടുതല്‍ മേഖലകളില്‍ സമാനരീതിയില്‍ ഡ്രോ!ണ്‍ പ്രദര്‍ശനം നടത്താന്‍ കെവികെക്ക് പദ്ധതിയുണ്ട്. പൈനാപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ ഡ്രോ!ണ്‍ സാങ്കേതികവിദ്യക്ക് പ്രചാരമുണ്ടാക്കുകയാണ് പ്രദശനത്തിലൂടെ ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യയുടെ പ്രായോഗിക നേട്ടങ്ങള്‍ വിലയിരുത്തുന്നതിന് കര്‍ഷകരുടെ അഭിപ്രായം ശേഖരിക്കുമെന്ന് കെവികെ മേധാവി ഡോ ഷിനോജ് സുബ്രമണ്യന്‍ പറഞ്ഞു.പൈനാപ്പിള്‍കൃഷിയിലോ നെല്‍കൃഷിയിലോ ഡ്രോണ്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് കെവികെയെ ബന്ധപ്പെടാം. ഫോണ്‍ 9400257798.