പോളാര്‍ ബെയര്‍ സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ് : കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ബിസിനസ് ഫിന്‍ലാന്‍ഡ് തെരഞ്ഞെടുത്തു.

Kerala startup mission logo

ഫിന്‍ലാന്‍ഡ് സര്‍ക്കാരും പരിപാടിയുടെ സംഘാടകരായ ബിസിനസ് ഒലു ഗ്രൂപ്പുമായി കെഎസ്യുഎം കരാര്‍ ഒപ്പിട്ടു.

 

കൊച്ചി: അവതരണത്തിലെ രീതി കൊണ്ടും വെല്ലുവിളി കൊണ്ടും ലോകപ്രശസ്തമായ ഫിന്‍ലാന്‍ഡിലെ പോളാര്‍ ബെയര്‍ സ്റ്റാര്‍ട്ടപ്പ് പിച്ചിംഗിന്റെ ഇന്ത്യയില്‍ നടക്കുന്ന സാറ്റ്‌ലൈറ്റ് പരിപാടിയുടെ പങ്കാളികളായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ബിസിനസ് ഫിന്‍ലാന്‍ഡ് തെരഞ്ഞെടുത്തു. ഫിന്‍ലാന്‍ഡ് സര്‍ക്കാരും പരിപാടിയുടെ സംഘാടകരായ ബിസിനസ് ഒലു ഗ്രൂപ്പുമായി കെഎസ്യുഎം കരാര്‍ ഒപ്പിട്ടു. കഴുത്തറ്റം തണുത്ത വെള്ളത്തില്‍ നിന്നു കൊണ്ട് സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രാദേശിക റൗണ്ട് ആദ്യമായാണ് ഇന്ത്യയില്‍ നടത്തുന്നത്. എട്ടു മുതല്‍ പത്ത് സ്റ്റാര്‍ട്ടപ്പുകളെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കേണ്ടത്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിന്റേത് എന്നതിന്റെ തെളിവുകൂടിയാണ് പ്രശസ്തമായ അന്താരാഷ്ട്ര മത്സരത്തിന് പങ്കാളിയാകാന്‍ ലഭിച്ച അവസരമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അന്താരാഷ്ട്ര സഹകരണത്തിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധയും സ്വീകാര്യതയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫിന്‍ലാന്റില്‍ ഐസ് ഹോള്‍ മത്സരം എന്നാണ് ഈ പരിപാടി പൊതുവെ അറിയപ്പെടുന്നത്. ഐസിനുള്ളില്‍ ദ്വാരമുണ്ടാക്കി അതില്‍ ഇറങ്ങി നിന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പിച്ചിംഗ് നടത്തുന്നത്. ഇന്ത്യയില്‍ ഡല്‍ഹിയില്‍ ഫിന്‍ലാന്റ് എംബസിയില്‍ വച്ച് പരിപാടി നടത്താനാണ് പ്രാഥമികമായി കൈക്കൊണ്ട ധാരണ.വിജയികള്‍ക്ക് ഫിന്‍ലാന്റിലെ ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

 

Spread the love