ദേശീയ പുരസ്‌കാര നിറവില്‍ അനന്യ;രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: സംഗീതത്തിന്റെ കരുത്തിലായിരുന്നു എന്നും അനന്യയുടെ യാത്രകള്‍. കുറവുകളെ പ്രതിഭ കൊണ്ട് മറികടന്ന അനന്യ ബിജേഷിനെ തേടി ദേശീയ പുരസ്‌കാരമായ സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ കൂടിയെത്തുമ്പോള്‍ ആ യാത്രകള്‍ക്ക് കൂടുതല്‍ തെളിച്ചമേറുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ പ്രതിഭകളുടെ വ്യക്തിഗത കലാമികവിനുള്ള പുരസ്‌കാരമാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് അനന്യ ഏറ്റുവാങ്ങിയത്. കേരളത്തില്‍ നിന്നുള്ള ഏക പുരസ്‌കാര ജേതാവാണ് അനന്യ. നിലവില്‍ 80 ശതമാനം ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചിട്ടുള്ള അനന്യക്ക്‌രണ്ടു വയസുള്ളപ്പോഴാണ് ഓട്ടിസം രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ചെറു പ്രായത്തില്‍ തന്നെ അനന്യക്ക് സംഗീതത്തില്‍ സവിശേഷമായ താത്പര്യമുണ്ടെന്നും വീട്ടുകാര്‍ കണ്ടെത്തി.

കേട്ട പാട്ടുകള്‍ പാടാന്‍ ആരംഭിച്ച അനന്യ സം?ഗീതം പഠിക്കാതെ തന്നെ നാലു വയസുള്ളപ്പോള്‍ കീബോര്‍ഡും വായിക്കാന്‍ തുടങ്ങി. പരിശ്രമമില്ലാതെ തന്നെ ഏതു പാട്ടും കീബോര്‍ഡില്‍ വഴങ്ങുമെന്ന കണ്ടതോടെയാണ് അനന്യയിലെ സം?ഗീത പ്രതിഭ വീട്ടുകാരും തിരിച്ചറിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ 2022-ലെ ഭിന്നശേഷി പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം ഉജ്ജ്വലബാല്യം പുരസ്‌കാരവും അനന്യയ്ക്കു ലഭിച്ചിരുന്നു.

തിരുവനന്തപുരം, തിരുമല സ്വദേശിയായ അനന്യ വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചില്‍ഡ്രന്‍ ഇന്‍ നീഡ് ഓഫ് സ്പെഷ്യല്‍ കെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. നിരവധി പ്രശസ്ത കലാകാരന്‍മാര്‍ക്കൊപ്പം പാടി കഴിവു തെളിയിച്ച അനന്യയുടെ സം?ഗീത വഴികളില്‍ ശക്തമായ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. അച്ഛന്‍ ബി ബി ബിജേഷ് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ: അനുപമ, സഹോദരന്‍ ആരോണ്‍ പാങ്ങോട് പി എം കേന്ദ്രീയ വിദ്യാലയയില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

 

Spread the love