ഡോക്ടര്‍മാര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും, സഹാനുഭൂതിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു
ഗൊരഖ്പൂര്‍: വൈദ്യശാസ്ത്രം എന്നത് കേവലം ഒരു തൊഴില്‍ മാത്രമല്ലെന്നും മറിച്ച് മാനവിക സേവനമാണെന്ന് ഡോക്ടര്‍മാര്‍ എപ്പോഴും ഓര്‍മ്മിക്കണമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ഗോരഖ്പൂര്‍ എയിംസിന്റെ പ്രഥമ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഡോക്ടര്‍മാര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും, സഹാനുഭൂതിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഭാവിയിലെ ഡോക്ടര്‍മാര്‍ക്ക് അത്തരമൊരു ആവാസവ്യവസ്ഥ തുടക്കം മുതല്‍ തന്നെ പ്രദാനം ചെയ്യണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളോടും രാഷ്ട്രപ്രതി അഭ്യര്‍ത്ഥിച്ചു.
യുവ ഡോക്ടര്‍മാര്‍ അക്കാദമിക മികവിനൊപ്പം ഡോക്ടര്‍രോഗി ആശയവിനിമയം, രോഗശാന്തി നല്കുന്നതില് സഹാനുഭൂതിയുടെ പങ്ക്, രോഗിയില്‍ വിശ്വാസം സൃഷ്ടിക്കല്‍ തുടങ്ങിയവയുടെ പ്രാധാന്യം മനസ്സിലാക്കുകയും പ്രവര്‍ത്തന ശൈലിയില്‍ അവ സ്വീകരിക്കുകയും ചെയ്യണമെന്നും അനുകമ്പയും സത്യസന്ധതയും വ്യക്തിത്വത്തിന്റെ ഭാഗമാക്കണമെന്നും രാഷ്ട്രപതി ഡോക്ടര്‍മാരോട് പറഞ്ഞു. സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ ഡോക്ടര്‍മാര്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഡോക്ടര്‍മാര്‍ ചികിത്സിക്കുക മാത്രമല്ല, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള പൗരന്മാര്ക്ക് രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകാന്‍ കഴിയും. സമൂഹത്തില്‍ വൈദ്യസഹായം ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രപതി യുവ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. പല ഗ്രാമീണ, ഗോത്ര മേഖലകളിലും പിന്നാക്ക സമൂഹങ്ങള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമല്ലെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളിലുള്ള ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണം നല്‍കുന്നതിനെക്കുറിച്ച് യുവ ഡോക്ടര്‍മാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് കരുതുന്നതായും രാഷ്ട്രപതി പറഞ്ഞു.

