പ്രൈം വോളിബോള്‍: ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിനെ വീഴ്ത്തി:  കല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

ദീപാവലി ദിനത്തില്‍ നടന്ന മത്സരത്തില്‍ 15-9, 15-13, 9-15, 15-13 എന്ന സ്‌കോറിനാണ് കല്‍ക്കത്ത നിര്‍ണായക ജയം സ്വന്തമാക്കിയത്.
ഹൈദരാബാദ്: ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തകര്‍ത്ത് കല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. ദീപാവലി ദിനത്തില്‍ നടന്ന മത്സരത്തില്‍ 15-9, 15-13, 9-15, 15-13 എന്ന സ്‌കോറിനാണ് കല്‍ക്കത്ത നിര്‍ണായക ജയം സ്വന്തമാക്കിയത്. പങ്കജ് ശര്‍മയാണ് കളിയിലെ താരം. ജയത്തോടെ 9 പോയിന്റുമായി കല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹൈദരാബാദിന്റെ പ്രീത് കരണും യുഡി യമമോട്ടോയും ചേര്‍ന്ന് ആക്രമണം തുടങ്ങിയെങ്കിലും, പങ്കജ് ശര്‍മയും മുഹമ്മദ് ഇഖ്ബാലും ചേര്‍ന്നുള്ള കൊല്‍ക്കത്തയുടെ പ്രതിരോധം ശക്തമായിരുന്നു.

ജിതിന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് അശ്വല്‍ റായിയും മതിന്‍ തകാവറും നടത്തിയ ആക്രമണങ്ങളും, മധ്യഭാഗത്ത് ഇക്ബാല്‍ നടത്തിയ ശക്തമായ പ്രതിരോധവും കൊല്‍ക്കത്തക്ക് മേല്‍ക്കൈ നല്‍കി. തുടരെ രണ്ട് സെറ്റുകള്‍ കൊല്‍ക്കത്ത നേടിയതോടെ ഹൈദരാബാദ് ഫോര്‍മേഷനില്‍ മാറ്റം വരുത്തി. ജോണ്‍ ജോസഫ്, ഗുരു പ്രശാന്ത്, പോളോ ലമൗനിയര്‍ എന്നിവരെ കളത്തിലിറക്കി. പങ്കജിന്മേലുള്ള പോളോയുടെ ബ്ലോക്കും, ജോണിന്റെ ബ്ലോക്കിലൂടെ ലഭിച്ച നിര്‍ണായക സൂപ്പര്‍ പോയിന്റും ബ്ലാക്‌ഹോക്‌സിന് മൂന്നാം സെറ്റ് സമ്മാനിച്ചു. നിര്‍ണായകമായ നാലാം സെറ്റില്‍ ലമൗനിയര്‍ ഹൈദരാബാദിന് മികച്ച തുടക്കം നല്‍കിയെങ്കിലും, പങ്കജിന്റെയും അശ്വലിന്റെയും കൃത്യമായ ക്രോസ്‌കോര്‍ട്ട് ആക്രമണങ്ങളിലൂടെ കൊല്‍ക്കത്തയും ഒപ്പത്തിനൊപ്പം നിന്നു. നിര്‍ണായക സൂപ്പര്‍ പോയിന്റ് നേടിയ തണ്ടര്‍ബോള്‍ട്ട്‌സ് രാഹുലിന്റെ ശക്തമായ സ്‌പൈക്കിലൂടെ പോയിന്റ് നില ഉയര്‍ത്തി 1413ല്‍ നില്‍ക്കേ ശിഖര്‍ സിങ് മധ്യത്തില്‍ നിന്നുള്ള ഷോട്ട് ലക്ഷ്യം തെറ്റിച്ചതോടെ കൊല്‍ക്കത്ത നിര്‍ണായക ജയത്തോടെ ദീപാവലി ആഘോഷിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു