മാധ്യമങ്ങളുടെ കൈപിടിക്കാതെ ജനാധിപത്യം നിലനില്‍ക്കില്ല: ഡോ സി.വി. ആനന്ദബോസ്

രാജ്യത്തിന്റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട് . സമൂഹത്തില്‍ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യം

കൊച്ചി: മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി..വി. ആനന്ദബോസ് പറഞ്ഞു. പ്രൊഫ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍. എന്‍ സത്യവ്രതന്‍ സ്മാരക അവാര്‍ഡ് കേരള മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഡോ.ആനന്ദബോസ്.ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങള്‍. രാജ്യത്തിന്റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട് . സമൂഹത്തില്‍ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യം അറിവിനേക്കാള്‍ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും നഗ്‌നസത്യങ്ങള്‍ പറയുന്നതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുദിനം വികസിക്കുന്ന മാധ്യമ മേഖലക്ക് അനുരൂപമായ വിധത്തില്‍ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുത്ത് മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും വഴിവിളക്കായി മാറിയ പ്രതിഭയായിരുന്നു എന്‍.എന്‍ സത്യവ്രതനെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ കെ.വി. തോമസ് , അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, പ്രൊഫ കെ.വി. തോമസ് വിദ്യാധന ട്രസ്റ്റ് ട്രസ്റ്റി അഡ്വ.എന്‍. എന്‍. സുഗുണപാലന്‍ എന്നിവര്‍ സംസാരിച്ചു.കേരള മീഡിയ അക്കാദമിയില്‍ നിന്ന് ഉന്നത വിജയം കൈവരിച്ച സഫ്വാന്‍ ഫാരിസ്, കെ. അഭിറാം ബി, പ്രിയങ്ക ഗോപാല്‍ എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ ഏറ്റു വാങ്ങി.

Spread the love